മലപ്പുറം: 42 ാം വയസിൽ മകനോടൊപ്പം അമ്മ സർക്കാർ സർവ്വീസിലേക്ക്.അടുത്തിടെ പ്രസിദ്ധീകരിച്ച എൽജിഎസ് പട്ടികയിൽ 92ാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും എൽ.ഡി.സി മലപ്പുറം റാങ്ക് ലീസ്റ്റിൽ 38ാം റാങ്കോടെ മകൻ വിവേകുമാണ് സർക്കാർ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.
11 വർഷമായി അരീക്കോട് മാതക്കോട് അങ്കണവാടിയിലെ അദ്ധ്യാപികയാണ് ബിന്ദു. 2019 -20 വർഷത്തെ മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഏഴു വർഷത്തിനുള്ളിൽ രണ്ടുതവണ എൽ.ഡി.സിയും എൽ.ജി.എസ് പരീക്ഷയും എഴുതിയിരുന്നു. അവസാനം എഴുതിയ എൽ.ജി.എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് 41കാരിയായ ഇവർ ഇടംനേടിയത്. ഐ.സി.ഡി.സി സൂപ്രണ്ട് പരീക്ഷയും എഴുതിയിട്ടുണ്ട്.
ഹിന്ദു ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 39 വയസ് വരെയാണ് പി.എസ്.സിക്ക് അപേക്ഷിക്കാനാകുന്നത്. 2019ൽ എൽ.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോൾ ബിന്ദുവിന് പ്രായം 38 വയസായിരുന്നു. 2021 ഡിസംബറിൽ 40 വയസുള്ളപ്പോഴാണ് പരീക്ഷയെഴുതിയത്.
സർക്കാർ ജോലി ലക്ഷ്യമിട്ടാണ് വിവേകും ബിരുദപഠനത്തിന് ശേഷം പരിശീലനം തുടങ്ങിയത്. കോച്ചിങ് സെൻററിൽ പോകാതെ അമ്മയ്ക്കൊപ്പമാണ് വിവേക് പഠിച്ചുതുടങ്ങിയത്.പരസ്പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞുമാണ് ഇരുവരും പഠിച്ചത്.
Comments