യുഎഇ: ദുബായിലെ ജബൽ അലിയിൽ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബർ നാലിന് തുറക്കും. ഇന്ത്യയുടെ തനതു വാസ്തു ശിൽപ പാരമ്പര്യം പിന്തുടരുന്ന നിർമാണ രീതിയാണ് ക്ഷേത്രത്തിലേത്. ഉദ്ഘാടന സമ്മേളനത്തിൽ യുഎഇ ഭരണാധികാരികൾ അടക്കം പങ്കെടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
16 മൂർത്തികൾക്കു പ്രത്യേക കോവിലുകൾ, സാംസ്കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ചേരുന്നതാണ് ജബൽ അലിയിലെ പുതിയ ക്ഷേത്രം. ഒക്ടോബർ നാലിന് ഉദ്ഘാടനം ചെയ്യുമെങ്കിലും 5നു വിജയ ദശമി ദിനം മുതൽക്കാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വിവിധ മതവിഭാഗങ്ങളുടെ ആരാധനാ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജബൽ അലി. സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യൻ പള്ളികളുടെയും സമീപമാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ശ്രീകോവിലുകൾ മാത്രമാണ് തുറക്കുന്നത്. രണ്ടാം ഘട്ടത്തിൽ മാത്രമേ ക്ഷേത്രത്തിലെ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയു.
മകര വിളക്കു ദിനമായ ജനുവരി 14ന് ക്ഷേത്രത്തിലെ വിജ്ഞാന മുറിയും ഓഡിറ്റോറിയവും തുറക്കും. വിവാഹം, ചോറൂണ് തുടങ്ങിയ പരിപാടികൾക്ക് ഈ സ്ഥലം ഉപയോഗിക്കാൻ കഴിയും. ദിവസവും 1200 ആളുകൾക്ക് ദർശനത്തിനും പ്രാർത്ഥനയ്ക്കുമുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്.
വിശേഷ ദിവസങ്ങളിൽ ആളുകൾ കൂടുതൽ എത്തുമെന്നും ക്ഷേത്ര ഭാരവാഹികൾ കണക്കു കൂട്ടുന്നു. കൊറോണ നിയന്ത്രണം ഉള്ളതിനാൽ ഔദ്യോഗിക വെബ്സൈറ്റിൽ സ്ലോട്ട് ബുക്ക് ചെയ്തു ദർശനം നടത്താം. രാവിലെ 6 മുതൽ രാത്രി 9വരെ ക്ഷേത്രം തുറക്കും. ദീപാവലി-നവരാത്രി ഉത്സവാഘോഷങ്ങൾ ഈ വർഷം നടത്താൻ പദ്ധതിയുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രത്തിന്റെ വിജ്ഞാന മുറി വിശ്വാസപരമായ ചർച്ചകൾക്കും കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. മണികളും ആനകളും പൂക്കളും അടങ്ങുന്ന ചിത്രപ്പണികളാണ് ക്ഷേത്രത്തിന്റെ വാതിലുകളിലും തൂണുകളിലും ചുവരുകളിലുമുള്ളത്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ആരാധന മൂർത്തികൾക്ക് ക്ഷേത്രത്തിൽ ശ്രീകോവിലുകളുണ്ട്.. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, ഗുരുവായൂരപ്പൻ, അയ്യപ്പൻ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ടാകും. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഭക്തരെ ക്ഷേത്രത്തിലേക്കു പ്രതീക്ഷിക്കുന്നു.
വിവിധ മതസ്ഥരെയും ക്ഷേത്രം സ്വാഗതം ചെയ്യുന്നു. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബും ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ തുളസിത്തറയും ഒരുക്കിയിട്ടുണ്ട്. വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ 12 പൂജാരിമാർ ചേർന്ന് പ്രാണപ്രതിഷ്ഠാപനാ പൂജ നടത്തി ചൈതന്യം കുടികൊള്ളിക്കുന്ന ചടങ്ങ് പൂർത്തിയാക്കും.
Comments