തിരുവനന്തപുരം: രാജ്യം 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുബോൾ വേറിട്ട സന്ദേശം വിളിച്ചോതുകയാണ് തിരുവനന്തപുരം സംസ്കൃത കോളേജിലെ ചുവരുകൾ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്കൃത കോളേജിലെ ചുവരുകളിൽ മഹാത്മാ അയ്യൻകാളിയുടെ ചിത്രം വരച്ച് വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാവുകയാണ്.
മഹാത്മ അയ്യങ്കാളിയുടെ ജീവിതയാത്രയിലെ സമര പോരാട്ടങ്ങളും അദ്ദേഹം നയിച്ച ആറ്റിങ്ങൽ കലാപവുമെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം വരച്ചിരിക്കുന്നത്. കോളേജിന്റെ പ്രധാന കവാടത്തിൽ വര തീർത്ത ചിത്രത്തിൽ അയ്യങ്കാളിയോടൊപ്പം സാമൂഹിക പരിവർത്തനത്തിന്റെ പ്രതീകമായ പഞ്ചമിയെയും ഉൾപ്പെടുത്തിയിരിക്കുന്നു. നീതി നിഷേധിക്കപ്പെട്ട ഒരു കാലത്ത് പഠിക്കാനുള്ള അവകാശത്തിനായി സ്ളേറ്റുമായി നിൽക്കുന്ന പഞ്ചമിയെ ചേർത്ത് നിർത്തുന്ന മഹാത്മാ അയ്യൻകാളിയുടെ തേജസ്സുള്ള ചിത്രമാണ് കോളേജ് അങ്കണത്തിൽ വരച്ചിരിക്കുന്നത്. അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 64 സർക്കാർ കോളേജുകളിലായാണ് ഈ പദ്ധതി നടപ്പിലാക്കുക .
ആസാദി കാ അമൃത് മഹോൽസവത്തോടനുബന്ധിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഫ്രീഡം വോൾ പദ്ധതിയുടെ ഭാഗമായി തൃപ്പുണിത്തുറ ആർ എൽ വി കോളേജിലെ വിദ്യാർത്ഥികളാണ് ചിത്രം വരച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും അതുമായി ബന്ധപ്പെട്ട വ്യക്തികളും ചുവരുകളിൽ നിറഞ്ഞിരിക്കുന്നു. കേരളത്തിലെ നവോഥാന സമരത്തിന്റെ ഭാഗമായി നിരവധി സാമൂഹിക പരിഷ്കർത്താക്കൾ അവകാശങ്ങൾക്കു വേണ്ടി പോരാടിയ മണ്ണാണ് കേരളം. പുതിയ തലമുറക്ക് അവർ നൽകിയ സംഭാവനകളുടെ ത്യാഗ നിർഭരമായ ഏടുകൾ പകർന്നു നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അയ്യങ്കാളിയുടെ ഉൾപ്പെടെയുള്ള സമര വീരരുടെ ചിത്രങ്ങൾ വരച്ചതെന്ന് കോളേജ് അധികൃതർ പറഞ്ഞു. കെ കേളപ്പൻ , കുമാരനാശാൻ , പണ്ഡിറ്റ് കറുപ്പൻ, തുടങ്ങി നിരവധി പേരുടെ ചിത്രങ്ങൾ കോളേജ് ചുവരുകളിൽ നിറഞ്ഞിരിക്കുന്നു.
Comments