അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല എന്നത് പണ്ടേ പഴങ്കഥയായതാണ്. കഷണ്ടിക്ക് മരുന്ന് കണ്ട് പിടിച്ചതാണ് ഇതിന് കാരണം. നേരത്തെ കണ്ട് പിടിച്ച മരുന്നുകളേക്കാൾ പാർശ്വഫലം കുറഞ്ഞ ഒരു മരുന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകർ.
കണ്ടൽമരങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രത്യേക മരുന്ന് കഷണ്ടിയ്ക്ക് പരിഹാരം നൽകുമെന്നാണ് തായ്ലാൻഡിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ അവകാശപ്പെടുന്നത്. മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളെ തടയാൻ അവിസിക്വിനൺ സി എന്ന കണ്ടൽ മരങ്ങളിൽ നിന്നും വേർതിരിക്കുന്ന സത്തിന് സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
കഴിഞ്ഞ വർഷം ഈ സത്ത് ഉപയോഗിച്ച് അമ്പത് സ്ത്രീകളിലും പുരുഷന്മാരിലും ഗവേഷണം നടത്തിയിരുന്നു. തുടർന്ന് നടത്തിയ നിരന്തര പരിശോധനകളിലാണിപ്പോൾ മരുന്ന് ഫലപ്രദമാണെന്നും താരതമ്യേന പാർശ്വഫലം കുറവാണെന്നും കണ്ടെത്തിയിരിക്കുന്നത്.
തലയോട്ടിയിൽ മരുന്ന് പുരട്ടിയ ശേഷം സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാണ് മുടി വളരുന്നതായി ഗവേഷകർ സ്ഥിരീകരിച്ചത്. അവിസിക്വിനൺ സി എന്ന കണ്ടൽ ചെടികളിൽ നിന്നും ശേഖരിക്കുന്ന അവിസെന്നിയ മാരിൻ എന്ന സത്താണ് മുടി വളരാനായി ഉപയോഗിക്കുന്നത്.
മുടി കൊഴിയാൻ കാരണമാകുന്ന ഹോർമോണുകളെ തടഞ്ഞ്, മുടിയുടെ വളർച്ചക്കാവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കാൻ ഇവ അനുയോജ്യമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മരുന്ന് പുറത്തിറക്കാൻ ഇവർ പേറ്റന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഉത്പന്നം ഉടൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ അസ്ഥിരോഗമായ ഒസ്റ്റിയോപൊറോസിസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കഷണ്ടി തടയാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. അധികം വൈകാതെ കഷണ്ടിക്കുള്ള പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ
Comments