ന്യൂഡൽഹി : ഓഫീസിലെ സാധാരണ ജീവനക്കാരുടെ മക്കളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ആഘോഷപരിപാടികൾ നടന്നത്. പെൺകുട്ടികൾ പ്രധാനമന്ത്രിയുടെ കൈയ്യിൽ രാഖി കെട്ടിക്കൊടുത്തു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്വീപ്പർമാർ, ഡ്രൈവർമാർ, തോട്ടം തൊഴിലാളികൾ, പ്യൂൺമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മക്കളാണ് പ്രധാനമന്ത്രിയുടെ കൈയ്യിൽ രാഖി ബന്ധിച്ചത്. ഓരോരുത്തരോടും പേര് ഉൾപ്പെടെയുളള വിവരങ്ങൾ പ്രധാനമന്ത്രി ചോദിക്കുന്നതും അവരെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതും വീഡിയോയിൽ കാണാം.
ഏറെ പ്രത്യേകതകൾ ഉളള രക്ഷാബന്ധൻ എന്നാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. രക്ഷാബന്ധൻ ദിനത്തിൽ വൃന്ദാവനിലെ വിധവകൾ 501 രാഖികളും 75 ദേശീയ പതാകകളും പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തു. വൃന്ദാവനിലെ മാ ശാരദ, രാധാ തില ആശ്രമങ്ങളിൽ താമസിക്കുന്ന വിധവകൾ പ്രധാനമന്ത്രി മോദിയുടെ കളർ ഫോട്ടോകളുള്ള രാഖികൾ സ്വയം നിർമ്മിച്ചാണ് അയച്ചുകൊടുത്തത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി രക്ഷാബന്ധൻ ആശംസകൾ നേർന്നു.
Comments