ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ താരത്തെ അപമാനിച്ച് ആം ആദ്മി എംഎൽഎ. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയിട്ടും താരത്തെ അവഗണിക്കുന്നുവെന്ന വിവാദങ്ങൾക്കിടെ എംഎൽഎ നടത്തിയ പ്രതികരണമാണ് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചത്.
താരം ഡൽഹിയെ പ്രതിനീധികരിക്കുന്നത് അറിയില്ലായിരുന്നുവെന്നും യുപിക്ക് വേണ്ടിയാണ് കളിക്കുന്നതെന്നാണ് കരുതിയതെന്നുമായിരുന്നു ആം ആദ്മി പാർട്ടി എംഎൽഎ സൗരഭ് ഭരദ്വാജിന്റെ പ്രതികരണം. ദിവ്യ കക്രാനെ മാത്രമല്ല ദേശീയപതാകയെ ആണ് സൗരഭ് ഭരദ്വാജ് അപമാനിച്ചിരിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
താൻ ഡൽഹിക്കു വേണ്ടി കളിച്ചതിന് 2019 ൽ സർക്കാർ നൽകിയ സർട്ടിഫിക്കറ്റുൾപ്പെടെ പുറത്തുവിട്ടുകൊണ്ടാണ് ദിവ്യ കക്രൻ സൗരഭിന്റെ വാക്കുകളെ നേരിട്ടത്. 2011 മുതൽ 2017 വരെ ഡൽഹിക്ക് വേണ്ടി താൻ 17 സ്വർണം നേടിയിട്ടുണ്ടെന്നും വേണമെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യാമെന്നും താരം പറഞ്ഞിരുന്നു. എന്നാൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഒരു താരം അതിന് തെളിവായി സർട്ടിഫിക്കറ്റുകൾ പുറത്തുകാണിക്കേണ്ടി വരുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാലെ ചൂണ്ടിക്കാട്ടി.
കോമൺവെൽത്തിലെ മെഡൽനേട്ടത്തിന് പിന്നാലെ അരവിന്ദ് കെജ് രിവാളിന്റെ അഭിനന്ദന വാക്കുകൾക്ക് നന്ദി അറിയിച്ച ദിവ്യ കക്രാന്റെ ട്വീറ്റിലായിരുന്നു ഡൽഹി സർക്കാരിന്റെ അവഗണന ചൂണ്ടിക്കാട്ടിയത്. 20 വർഷമായി താൻ ഡൽഹിയിൽ താമസിക്കുന്നു. ഗുസ്തിയും പരിശീലിക്കുന്നുണ്ട്. പക്ഷെ ഇതുവരെ ഒരു പാരിതോഷികം പോലും ഡൽഹി സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. സമ്മാന തുകയായോ സഹായമായോ അതുണ്ടായിട്ടില്ലെന്നും ദിവ്യ പറഞ്ഞിരുന്നു.
അതിനിടെ 2018 ലെ കോമൺവെൽത്ത് വെങ്കലമെഡൽ നേട്ടത്തിന് ദിവ്യയെ കെജ് രിവാൾ വീട്ടിലെത്തി അഭിനന്ദിക്കുന്നതിന്റെ ട്വീറ്റും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുത്തിപ്പൊക്കിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ ട്വിറ്റർ പേജിലിട്ട ട്വീറ്റാണ് പുറത്തുവന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ഇന്ന് ദിവ്യ കക്രാൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
Comments