ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം. ചമോലിയിലും ഉത്തരകാശിയിലും കനത്ത മഴയും കുത്തൊഴുക്കുമാണ്. ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുളള ദേശീയപാതകൾ ഉൾപ്പെടെ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. പാതയിൽ പലയിടത്തും മണ്ണും ചെളിയും നിറഞ്ഞ നിലയിലാണ്.
ഉത്തരകാശിയിലെ ഖബ്ലിസേരയിൽ വൻ മഴവെള്ളപ്പാച്ചിലിൽ എട്ടോളം കടകൾ ഒലിച്ചുപോയതായി എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ചമോലിയിൽ രാത്രി മുഴുവൻ മഴയായിരുന്നു. അഗർചത്തിയിൽ മൂന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി. എട്ടോളം വീടുകളിൽ മണ്ണും മലിനജലവും ഒലിച്ചിറങ്ങിയ നിലയിലാണ്.
ഉത്തരകാശിയിലെ ബാദ്‌കോട്ടിൽ 88 മില്ലിമീറ്ററും പുരോലയിൽ 84 മില്ലിമീറ്ററും മഴ പെയ്തു. ചമോലിയിൽ 62 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളിലായി 150 ലധികം ഗ്രാമീണ റോഡുകളിൽ ഗതാഗതം മുടങ്ങിയിട്ടുണ്‌ടെന്ന് അധികൃതർ അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ സേന രാത്രി തന്നെ രംഗത്തിറങ്ങിയിരുന്നു.
Comments