തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവനയ്ക്കെതിരെ പരാതി നൽകി എബിവിപി. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നും ഇന്ത്യൻ അധീന കശ്മീർ എന്നും വിശേഷിപ്പിച്ചു. കെടി ജലീൽ എംഎൽഎ രാഷ്ട്രവിരുദ്ധ പരാമർശമാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ചത്. രാഷ്ട്രത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും ഹനിക്കുന്ന രാഷ്ട്രവിരുദ്ധ പരാമർശം നടത്തിയ ജലീലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് എബിവിപി പരാതിയിൽ പറയുന്നത്. എബിവിപി സംസ്ഥാന സെക്രട്ടറി എൻ. സി.ടി ശ്രീഹരിയാണ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
കെ.ടി ജലീലിനെതിരെ ആർഎസ്എസും പരാതി നൽകിയിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘം ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനാണ് പത്തനംതിട്ട പോലീസിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയത്. ജലീലിന്റെ പരാമർശങ്ങൾ പൊതുമണ്ഡലത്തിൽ വലിയ എതിർപ്പുകൾ ഇടയാക്കുമെന്നതിനാൽ ദേശവിരുദ്ധ പരാമർശത്തെ പ്രസ്തുത നിയമത്തിൻ കീഴിൽ നൽകാൻ സാധിക്കുന്ന പരമാവധി ശിക്ഷ വാങ്ങി നൽകേണ്ടത് ജനാധിപത്യ, നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ അനിവാര്യമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാൻ അമൃത്സറിൽ എത്തിയ ജലീൽ കശ്മീർ സന്ദർശിച്ചിരുന്നു. ഇതിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎൽഎയുടെ ദേശവിരുദ്ധ പ്രസ്താവന. ഭാരതത്തിന്റെ അഭിവാജ്യ ഘടകമായ കശ്മീരിനെ ഇന്ത്യാ അധീന കാശ്മീർ എന്നും പാകിസ്താൻ വക്താക്കൾ ഉപയോഗിക്കുന്ന വിശേഷണമായ ആസാദ് കാശ്മീർ എന്നുമാണ് ജലീൽ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചത്. ഇന്ത്യൻ സൈന്യത്തെയും എംഎൽഎ അധിക്ഷേപിച്ചിരുന്നു. ജലീലിന്റെ അറിഞ്ഞുകൊണ്ടുള്ള രാജ്യവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
Comments