ബംഗളൂരു : ഒന്നിച്ച് ജീവിക്കാമെന്ന് കോടതിയിൽ സമ്മതിച്ചതിന് പിന്നാലെ ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബംഗളൂരു ഹസ്സൻ ജില്ലയിലെ ഹോലനരാസിരപുര കുടുംബ കോടതിയിലാണ് സംഭവം. ചൈത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞപ്പോഴാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. തുടർന്ന് ഇരുവരുമൊന്നിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഒരുക്കിക്കൊടുത്ത കൗൺസിലിംഗ് സെഷനിൽ പങ്കെടുത്ത ദമ്പതിമാർക്ക് മനംമാറ്റമുണ്ടായി. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.
ഒരു മണിക്കൂറത്തെ കൗൺസിലിംഗിന് ശേഷം പുറത്തിറങ്ങിപ്പോഴാണ് ശിവകുമാർ ഭാര്യയെ ആക്രമിച്ചത്. ബാത്ത് റൂം വരെ പിന്തുടർന്ന ശേഷം അവിടെ വെച്ച് കഴുത്തറുക്കുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കോടതി വളപ്പിലുണ്ടായിരുന്നവർ പിടികൂടുകയായിരുന്നു.
യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കഴുത്തിൽ ആഴത്തിലുള്ള മുറിവ് കാരണം കുറേയധികം രക്തം നഷ്ടപ്പെട്ടിരുന്നു. ഇതാണ് മരണത്തിന് കാരണമായത്.
സംഭവത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആസൂത്രിത കൊലപാതകമാണോ എന്ന് സംശയിക്കുന്നുണ്ട്. കോടതി വളപ്പിൽ എങ്ങനെ ആയുധം കയറ്റി എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Comments