വളരെ വേഗം ഇന്ത്യൻ വാഹന പ്രേമികളുടെ ഹൃദയം കീഴടക്കിയ വാഹന നിർമ്മാതാക്കളാണ് ദക്ഷിണ കൊറിയൻ വാഹന കമ്പനിയായ കിയ. 2019-ലാണ് കിയ ഇന്ത്യൻ വിപണിയിലേയ്ക്ക് എത്തുന്നത്. ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കളുടെ മുമ്പിലേയ്ക്ക് കമ്പനി ആദ്യം അവതരിപ്പിച്ച വാഹനമാണ് കിയ സെൽറ്റോസ്. മൂന്ന് വർഷംകൊണ്ട് കമ്പനിയുടെ ഏറ്റവും വിറ്റഴിക്കപ്പെട്ട മോഡലായി സെൽറ്റോസ് മാറി കഴിഞ്ഞിരിക്കുന്നു. ഇതിനോടകം മൂന്ന് ലക്ഷം സെൽറ്റോസ് കാറുകളാണ് വിറ്റഴിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു.
സെൽറ്റോസ് പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അടുത്തിടെ രണ്ട് പുതിയ ബാഹ്യ ഷേഡുകൾ ഉൾപ്പെടുത്തുന്നതിനായി വാഹനം അപ്ഡേറ്റും ചെയ്തിരുന്നു. കിയയുടെ മൊത്തം വില്പനയുടെ 60 ശതമാനത്തിനടുത്താണ് കിയ സെൽറ്റോസിന്റെ വിറ്റുവരവ്. അതായത് കമ്പനിയുടെ തന്നെ സോനെറ്റ് കോംപാക്റ്റ് എസ്യുവി, കാരൻസ് എംപിവി എന്നിവയെ എല്ലാം മിഡ്-സൈസ് എസ്യുവിയായ സെൽറ്റോസ് കടത്തിവെട്ടുന്നുവെന്ന് സാരം. 16.05 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയുള്ള ടോപ്പ്-സ്പെക്ക് ജിടി വേരിയന്റുകളാണ് 58 ശതമാനം ഉപഭോക്താക്കളും വാങ്ങുന്നത്.
ഗിയർബോക്സ് ഓപ്ഷനുകൾ പരിശോധിച്ചാൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, സിവിടി അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ സെൽറ്റോസിന് ലഭിക്കുന്നു. ഡീസൽ-ഐഎംടി കോമ്പോയിൽ വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഏക എസ്യുവിയും സെൽറ്റോസാണ്. TE, HTK, HTK+, HTX, HTX+, GTX (O), GTX Plus, X Line എന്നിങ്ങനെയുള്ള വേരിയെന്റുകളിലാണ് വാഹനം ലഭിക്കുക. ഇതിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് HTX പെട്രോൾ വേരിയെന്റാണ്.
ഗ്ലേസിയർ വൈറ്റാണ് സെൽറ്റോസിന്റെ ഏറ്റവും ജനപ്രിയമായ കളർ ചോയിസ്. 46 ശതമാനം പേർ ഡീസൽ വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത്. ബാക്കിയുള്ളവർ പെട്രോൾ, ടർബോ-പെട്രോൾ പതിപ്പുകൾ തിരഞ്ഞെടുക്കുന്നുവെന്ന് കിയ അവകാശപ്പെടുന്നു. എൽഇഡി ഹെഡ് ആൻഡ് ഫോഗ് ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോസ് സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് കിയ സെൽറ്റോസിന്റെ ഫീച്ചർ ഹൈലൈറ്റുകൾ. എന്തായാലും കിയയിലെ മുഖ്യൻ സെൽറ്റോസ് ആണെന്ന് ഉറപ്പിച്ച് പറയുകയാണ് കമ്പനി.
Comments