ന്യൂഡൽഹി: രാജ്യത്ത് ബാൽ ആധാർ പദ്ധതിയ്‌ക്ക് വൻ സ്വീകാര്യതയെന്ന് കേന്ദ്രം. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസത്തിലെ കണക്കുകൾ പ്രകാരം 5 വയസുവരെയുള്ള 79 ലക്ഷം കുട്ടികളാണ് പദ്ധതിയ്‌ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നാല് മാസങ്ങളിലായി 79 ലക്ഷം കുട്ടികളെ ചേർത്തു. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022 മാർച്ച് 31 അവസാനത്തോടെ 0-5 പ്രായത്തിലുള്ള 2.64 കോടി കുട്ടികൾക്ക് ബാൽ ആധാർ ലഭ്യമാക്കിയിരുന്നു. 2022 ജൂലൈ അവസാനത്തോടെ എണ്ണം 3.43 കോടിയായി വർദ്ധിച്ചു. വളരെ വേഗത്തിലാണ് രജിസ്‌ട്രേഷൻ നടക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
യുണീക്ക് ഐഡിന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (യുഐഡിഎഐ) റീജിയണൽ ഓഫീസുകളും സ്ഥിര താമസക്കാരുടെ കുട്ടികളെ ബാൽ ആധാർ സംരംഭത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു.ജനനം മുതൽ കുട്ടികൾക്കുള്ള ഡിജിറ്റൽ ഫോട്ടോ ഐഡന്റിറ്റിയായും ക്ഷേമ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള മാർഗമായും ബാൽ ആധാർ ഉപയോഗിക്കാമെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം വ്യക്തമാക്കി.
ബയോമെട്രിക്സിന്റെ (വിരലടയാളങ്ങളും കൃഷ്ണമണിയുടെ അടയാളങ്ങളും) ശേഖരിച്ചാണ് ആധാർ നൽകുന്നത്. എന്നാൽ ബാൽ ആധാറിൽ 0-5 വയസ്സിനിടയിലുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റിനായി ബയോമെട്രിക്‌സ് ശേഖരിക്കില്ല. നീല നിറത്തിലാണ് കാർഡ് ലഭ്യമാക്കുന്നത്. തുടർന്ന കുട്ടിയ്‌ക്ക് അഞ്ച് വയസ്സ് പൂർത്തിയാകുന്നമ്പോൾ നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് ചെയ്ത് സാധാരണ ആധാർ ലഭ്യമാക്കുമെന്നും മന്ത്രാലയം പറഞ്ഞു.
Comments