കൊച്ചി: മസാല ബോണ്ട് കേസിലെ ഇഡി അന്വേഷണത്തിന് സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജി സെപ്റ്റംബർ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു കിഫ്ബിയുടെ ആവശ്യം. ബോണ്ട് വിതരണം റിസർവ് ബാങ്കിന്റെ അനുമതിയോടെയായിരുന്നു നടന്നതെന്നും ഫെമ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കിഫ്ബി ഹർജിയിൽ പറഞ്ഞിരുന്നു. ഫെമ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടത് റിസർവ് ബാങ്കാണെന്നും കിഫ്ബി പറഞ്ഞു.
എന്നാൽ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമം ലംഘിച്ചതായി സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു ഇഡി കോടതിയിൽ വ്യക്തമാക്കിയത്. മറുപടി സത്യവാങ്മൂലം നൽകാൻ കൂടുതൽ സാവകാശം വേണമെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതോടെ, സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ ആ സംശയത്തെ അടിസ്ഥാനമാക്കി അന്വേഷണം നടത്താമല്ലോയെന്ന് കിഫ്ബിയോട് ഹൈക്കോടതി ആരായുകയും ചെയ്തു.
മറുപടി സത്യവാങ്മൂലം സെപ്റ്റംബർ രണ്ടിന് സമർപ്പിക്കാമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. അതുവരെ കേസിൽ അന്വേഷണത്തിന് സ്റ്റേയില്ലായെന്ന കാര്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
Comments