എറണാകുളം: ഇൻഫോ പാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയത് എന്ന് സൂചന. മരിച്ച സജീവ് കൃഷ്ണന്റെ ശരീരത്തിലും തലയിലും മുറിവുകൾ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി അർഷാദിനായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ആഴത്തിലുള്ള മുറിവാണ് സജീവിന്റെ തലയിലേറ്റിട്ടുള്ളത്. ശരീരമാസകലം പരിക്കുകളുമുണ്ട്. മൂന്ന് നാല് ദിവസമായി സജീവിനൊപ്പം അർഷാദാണ് ഉണ്ടായിരുന്നത്. എന്നാൽ സംഭവ ശേഷം ഇയാൾ ഒളിവിലാണ്. അതിനാൽ അർഷാദാണ് സജീവിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജീവിന്റെ ഫോണുമായാണ് അർഷാദ് രക്ഷപ്പെട്ടിരിക്കുന്നത്.
സജീവിന്റെ മൃതദേഹം ആദ്യം തുണിയിലും പിന്നീട് കിടക്കയിലും പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. ആരും കാണാതെ മൃതദേഹം ഇവിടെ നിന്നും മാറ്റാനായിരുന്നു അർഷാദിന്റെ ശ്രമം. എന്നാൽ ഇതിന് കഴിയാതെ വന്നതോടെ ഇയാൾ ഫ്‌ളാറ്റ് പൂട്ടി പോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
വൈകീട്ടോടെയാണ് ഇൻഫോപാർക്കിലെ ഫ്‌ളാറ്റിനുള്ളിൽ നിന്നും സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റ് നമ്പർ 16 ലായിരുന്നു മൃതദേഹം. സജീവും അർഷാദും ഉൾപ്പെടെ അഞ്ച് പേരാണ് ഫ്‌ളാറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവരിൽ മൂന്ന് പേർ വീടുകളിലേക്ക് പോയിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് ഫ്‌ളാറ്റ് പൂട്ടിയ നിലയിൽ കണ്ടത്. തുടർന്ന് തുറന്ന് പരിശോധിച്ചപ്പോൾ സജീവിന്റെ മൃതദേഹം കാണുകയായിരുന്നു.
സജീവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സജീവിന്റെ ബന്ധുക്കൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്.
Comments