പഞ്ചാബ്: പഞ്ചാബിൽ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽ നിന്ന് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി. അമൃത്സറിലാണ് സംഭവം. 2.5 കിലോ ഗ്രാം ഭാരം തൂക്കമുള്ള ഐഇഡിയാണ് പോലീസ് വാഹനത്തിൽ നിന്നും കണ്ടെത്തിയത്. പാക് നിർമ്മിത ഐഇഡിയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്ഫോടക വസ്തു നിർവീര്യമാക്കിയിട്ടുണ്ട്. സബ് ഇൻസ്പെക്ടർ ദിൽബാഗ് സിംഗിന്റെ കാറിൽ നിന്നാണ് ഐഇഡി ലഭിച്ചത്. ബൈക്കിലെത്തിയ രണ്ട് പേർ വാഹനത്തിൽ സ്ഫോടക വസ്തു വെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
കഴിഞ്ഞ മെയ് മാസത്തിൽ ടാൺതരനിൽ നിന്ന് കണ്ടെടുത്ത ഐഇഡിയുടെ സമാനരൂപത്തിലുള്ള സ്ഫോടക വസ്തുവാണിതെന്ന് പോലീസ് പറയുന്നു. അത് പാകിസ്താനിൽ നിന്നായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ഐഇഡിക്ക് പിന്നിലും പാകിസ്താൻ തന്നെയാണെന്ന് സംശയിക്കുന്നത്. ഭീകരാക്രമണം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ പോലീസ് വാഹനത്തിൽ നിക്ഷേപിച്ചതാണോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്തി അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുമെന്ന് പഞ്ചാബ് എഡിജിപി ആർഎൻ ധോക്കെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Comments