പാലക്കാട്: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മായം കലർന്ന പാൽ പിടികൂടി. മാരക രാസവളമായ യൂറിയ കലർത്തിയ പാലാണ് പിടികൂടിയത്. തുടർ നടപടികൾക്കായി പാൽ ടാങ്കർ അധികൃതർ ഭക്ഷ്യവകുപ്പിന് കൈമാറി.
കേരള- തമിഴ്നാട് അതിർത്തിയായ മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടികൂടിയത്. ക്ഷീര വികസന വകുപ്പിന്റേതായിരുന്നു പരിശോധന. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നും 12750 ലിറ്റർ പാലായിരുന്നു ടാങ്കറിൽ എത്തിച്ചത്.
മായം കണ്ടെത്തിയതോടെ പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കാനാണ് ഇത്തരത്തിൽ പാലിൽ യൂറിയ ചേർക്കുന്നത്.
ഓണക്കാലമായതിനാൽ കേരളത്തിലെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പാലും പാലുത്പന്നങ്ങളും എത്തിക്കുന്നത്. മിൽമയുടെ സംഭരണം കുറഞ്ഞത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പാൽ എത്തിക്കാൻ സംസ്ഥാനത്തെ നിർബന്ധിതരാക്കിയിട്ടുണ്ട്. ഇത് മുതലെടുത്താണ് ഓണക്കാലത്ത് മായം കലർന്ന പാൽ തമിഴ്നാട് കേരളത്തിലേക്ക് അയക്കുന്നത്.
Comments