കൊച്ചി: പറവൂരിൽ ബസ് ജീവനക്കാർ കാർ യാത്രികരെ ആക്രമിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ചെറായി സ്വദേശി ട്വിന്റുവാണ് അറസ്റ്റിലായത്. കാർ യാത്രികനായ ഫർഹാനെ ടിന്റു കത്തി കൊണ്ട് വീശുകയും ഇത് തടയാൻ ശ്രമിച്ച യുവാവിന് കയ്യിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം കണ്ടാണ് ഫർഹാന് ഒപ്പമുണ്ടായിരുന്ന പിതാവ് ഫസലുദ്ദീൻ കുഴഞ്ഞുവീണ് മരിച്ചത്.
വാഹനം കടന്നുപോകാൻ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് വലിയ ആക്രമണത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ പറവൂർ കണ്ണൻകുളങ്ങരയിലാണ് സംഭവമുണ്ടായത്. അതേസമയം മരിച്ച പിതാവ് ഫസലുദ്ദീനെ ബസ് ജീവനക്കാർ മർദ്ദിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷിയും ബന്ധുവുമായ സൽമ പ്രതികരിച്ചു. ബസിൽ നിന്ന് ജീവനക്കാർ ഇറങ്ങുമ്പോൾ അവരുടെ കയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് വാക്കുതർക്കത്തിന് പിന്നാലെ ഫർഹാനെ കുത്തിപ്പരിക്കേൽപ്പിച്ചത് കണ്ടതോടെയാണ് ഫസലുദ്ദീൻ കുഴഞ്ഞുവീണതെന്ന് സൽമ പറയുന്നു.
മകനെ ആക്രമിക്കുന്നത് കണ്ടതോടെ ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശി ഫസലുദ്ദീൻ (54) ഇന്നലെ രാത്രിയാണ് മരിച്ചത്. കുഴഞ്ഞുവീണ ഫസലുദ്ദീനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. കോഴിക്കോട്-എറണാകുളം റൂട്ടിലോടുന്ന നർമദ എന്ന ബസിലെ ഡ്രൈവറും കണ്ടക്ടറുമായിരുന്നു ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാർ കടന്നുകളഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ ഡ്രൈവർ ടിന്റു അറസ്റ്റിലായിരിക്കുന്നത്.
Comments