ബംഗാള്‍: വംശനാശ ഭീഷണി നേരിടുന്ന ഞണ്ടുകളെ കണ്ടെത്തുന്നതിന് തിരച്ചില്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികളും ഒരു കൂട്ടം ഗവേഷകരും. പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലാണ് ‘ഹോര്‍സ് ഷൂ ഞണ്ടു’കളെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോളജിക്കല്‍ സയന്‍സസും സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസും പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഞണ്ടുകളെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നത്.
വംശനാശഭീഷണി നേരിടുന്ന പട്ടികയിലാണ് ഹോര്‍സ് ഷൂ ഞണ്ടുകളെ ഐ.യു.സി.എന്‍ പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഇവയെ പെടുത്തിയിട്ടുണ്ട്. ചില പഠനങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്.
കടല്ത്തീരങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടു വരുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും നീണ്ട തീരപ്രദേശമായ പൂര്‍ബ മേദിനിപൂരില്‍ ഇവയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സംരക്ഷിത വിഭാഗത്തില്‍ പെടുന്ന ധാരാളം കടല്‍ ജീവികളെ ഇതിന് മുന്‍പും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മീന്‍ പിടിക്കുന്നതിന് ഇടയില്‍ കിട്ടിയാല്‍ ഇവയെ വലയില്‍ നിന്ന് വേര്‍പെടുത്തി കടലിലേക്ക് വിടുകയാണ് സാധാരണയായി ചെയ്യാറുള്ളത്.
Comments