തിരുവനന്തപുരം: മാദ്ധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമരംഗത്തുണ്ടായ അപചയം തിരുത്താൻ മാദ്ധ്യമപ്രവർത്തകർ തന്നെ തയ്യാറാകണം. മാദ്ധ്യമ മേഖലയിലെ നയസമീപനങ്ങളിൽ തിരുത്തൽ വേണമെന്ന് അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത് അതിന്റെ ക്രെഡിറ്റെടുക്കാനാണ് മാദ്ധ്യമങ്ങൾ മത്സരിക്കുന്നത്. കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ നിയമപാലകരെ വിവരം അറിയിക്കുകയാണ് വേണ്ടത്. കുറ്റവാളികളുമായി പൊരുത്തപ്പെടലുകളും ധാരണകളുമുണ്ടാകുന്നു. ഇത്രയധികം വിമർശനങ്ങൾ മാദ്ധ്യമങ്ങൾ ഏറ്റെടുക്കേണ്ടി വന്ന ഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെറ്റ് പറ്റിയാൽ മാപ്പ് പറയാനുള്ള മാന്യത എത്രത്തോളും കാണിക്കുന്നുണ്ടെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ വാർത്തയിൽ തെറ്റ് പറ്റിയാൽ ഖേദം പ്രകടിപ്പിക്കുമായിരുന്നു. ആ സ്വഭാവം കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് കൈമോശം വന്നുവെന്ന് അദ്ദേഹം വിമർശിച്ചു. വസ്തുതയുമായി ബന്ധമില്ലാത്ത സാങ്കൽപ്പിക വാർത്തകൾ വരുന്നെങ്കിൽ ഇങ്ങനെ തുടരാമോ എന്ന് സ്വയം വിലയിരുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു സമൂഹത്തിൽ മാദ്ധ്യമമേഖലയിലെ നയ സമീപനങ്ങൾ തുറന്ന് കാണിക്കുന്നുണ്ട്. എന്നാൽ മാദ്ധ്യമങ്ങളുടെ കോർപ്പറേറ്റ് താൽപ്പര്യവും രാഷ്ട്രീയ താൽപര്യവും സ്വഭാവത്തെ നിർണയിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments