തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. മൂത്തമകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കല്ലിങ്കൽ തേക്കിൻകാട് ഭാഗത്താണ് അപകടമുണ്ടായത്. കാർ യാത്രികർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നഗരൂർ സ്വദേശി പ്രദീപും എട്ട് വയസുള്ള മകൻ ശ്രീദേവുമാണ് മരിച്ചത്. പ്രദീപിന്റെ മൂത്തമകൻ 15 വയസുള്ള ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. അമിത വേഗതയിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും തെറിച്ചുവീഴുകയായിരുന്നു.
പ്രദീപിനെയും മൂത്തമകനെയുമാണ് രക്ഷാപ്രവർത്തകർ ആദ്യം ആശുപത്രിയിലെത്തിച്ചത്. പിന്നീടായിരുന്നു സമീപത്തെ തോട്ടിൽ നിന്നും ഇളയമകനെ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാഫ്, ജാഫർഖാൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ കാറിൽ നിന്നും മദ്യകുപ്പികൾ കണ്ടെടുത്തതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments