ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്കെതിരായ സി ബി ഐ റെയ്ഡിൽ പല തട്ടിലായി ചിന്നിച്ചിതറി പ്രതിപക്ഷം. കോൺഗ്രസ് മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയപ്പോൾ കോൺഗ്രസിനെതിരെ തൃണമൂൽ കോൺഗ്രസും സി പി എമ്മും രംഗത്ത് വന്നു. എല്ലാ കുഴപ്പങ്ങൾക്കും കാരണം ബിജെപി ആണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ആരോപിച്ചു.
പുതുക്കിയ മദ്യനയത്തിന്റെ മറവിൽ ആം ആദ്മി പാർട്ടി നേതാക്കൾ മദ്യലോബിയുമായി ചേർന്ന് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സി ബി ഐ മനീഷ് സിസോദിയയുടേതുൾപ്പെടെ നിരവധി പ്രമുഖരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്. എഫ് ഐ ആറിൽ സിസോദിയയ്‌ക്കെതിരെ പരാമർശമുണ്ട്.
സി ബി ഐ റെയ്ഡ് നേരത്തേ നടത്തേണ്ടതായിരുന്നു എന്നാണ് കോൺഗ്രസിന്റെ അഭിപ്രായം. മദ്യകുംഭകോണം മാത്രമല്ല, സ്കൂൾ കെട്ടിട നിർമ്മാണം, അദ്ധ്യാപക നിയമനം, കരാർ അഴിമതികൾ എന്നിവയിലും ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ആവശ്യപ്പെട്ടു.
എന്നാൽ സി ബി ഐ റെയ്ഡുകളെ ശക്തമായി അപലപിക്കുകയാണെന്ന് സി പി എം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. റെയ്ഡ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് സി പി എമ്മിന്റെ ആരോപണം. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് ഈ സമയത്ത് സ്വാർത്ഥമായി ചിന്തിക്കരുതെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം എല്ലാ കുഴപ്പങ്ങൾക്കും കാരണം ബിജെപി ആണെന്ന പതിവ് പല്ലവിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തിയും രംഗത്ത് വന്നു. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ശിഥിലമാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് ഇത് തിരിച്ചറിയണെമെന്ന് മെഹബൂബ പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സി ബി ഐ റെയ്ഡുകളിലെ അഭിപ്രായ വ്യത്യാസം. അതേസമയം റെയ്ഡുകളിൽ ഒരു തരത്തിലുമുള്ള രാഷ്‌ട്രീയവുമില്ലെന്ന് ബിജെപി വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. അതിൽ ആക്ഷേപമുള്ളവർക്ക് കോടതികളെ സമീപിക്കാം എന്നതാണ് ബിജെപി നിലപാട്.
Comments