ഹരാരേ:സിംബാബ്‌വേയ്‌ക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയുടെ അവസാന പോരാട്ടം ഇന്ന്. ആദ്യ രണ്ടു മത്സരങ്ങളിലും ബൗളർമാരുടേയും ബാറ്റർമാരുടേയും മേധാവിത്വത്തിൽ അനായാസം ജയിച്ച ഇന്ത്യ ഇന്നും ടോസ് നേടുമെന്ന പ്രതീക്ഷയിലാണ്.
ആദ്യ മത്സരം 10 വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ സഞ്ജു സാംസണിന്റെ തകർപ്പൻ ഓൾറൗണ്ട് പ്രകടനത്തിലാണ് അഞ്ചു വിക്കറ്റ് വിജയം കൊയ്തത്. പുറത്താകാതെ 43 റൺസ് നേടിയ മലയാളി താരം 3 ക്യാച്ചുകളുമെടുത്ത് കളിയിലെ താരമായി മാറിയിരുന്നു. ഷാർദ്ദൂൽ ഠാക്കൂർ ബൗളിംഗിൽ തിളങ്ങിയ മത്സരത്തിൽ സിംബാബ്‌വേ 161 ൽ എല്ലാവരും പുറത്തായി. ഇന്ത്യ 5 വിക്കറ്റിന് 167 റൺസ് നേടി മത്സരവും പരമ്പരയും സ്വന്തമാക്കി. പടുകൂറ്റൻ സിക്‌സറോടെയാണ് സഞ്ജു ടീമിനെ പരമ്പര ജയത്തിലേക്ക് നയിച്ചത്.
ആദ്യ മത്സരത്തിൽ ഏറെ നാൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ദീപക് ചാഹറിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് സിംബാബ് വേയെ തകർത്തത്. സിംബാബ് വേയുടെ 189 റൺസ് ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ ഇന്ത്യ അടിച്ചെടുത്തു. ശിഖർ ധാവനും (81) ശുഭ്മാൻ ഗില്ലും(82) തകർത്താടിയ മത്സരത്തിൽ സിംബാബ്‌വേയ്‌ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല.















