തിരുവനന്തപുരം: സസ്പെൻസ് കൊണ്ട് സിനിമാ ആസ്വാദകരെ ഞെട്ടിച്ച സിനിമയാണ് മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. 2013 ൽ പുറത്തറിങ്ങിയ ചിത്രം കാണാൻ തിയറ്ററുകളിലേക്ക് ആരാധകരുടെ കുത്തൊഴുക്കായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഉം പ്രേക്ഷകർ ഹൃദയത്തിലേറ്റി. ദൃശ്യം 2 ഉം വിജയമായതിന് പിന്നാലെ ജോർജു കുട്ടിയുടെയും, റാണിയുടെയും കഥപറഞ്ഞ് ദൃശ്യം 3മായി ജിത്തു ജോസഫ് വീണ്ടും വരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ അഭ്യൂഹങ്ങൾ ബലപ്പെടുത്തുന്ന പോസ്റ്റർ സ്വന്തം സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.
റെഡി അല്ലേ?.. Stay tuned…. Tomorrow 12 pm എന്നെഴുതിയിരിക്കുന്ന പോസ്റ്ററാണ് അദ്ദേഹം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുകളിലായി മികച്ച ഒരു ദൃശ്യാനുഭവം വീണ്ടെടുക്കാൻ റെഡി അല്ലേ? എന്നും കുറിച്ചിരുന്നു. മോഹൻലാലിന്റെ ഈ കുറിപ്പാണ് ആരാധകർക്ക് മുൻപിൽ ദൃശ്യം 3യുമായി ഉടനെത്തുമെന്ന സൂചന നൽകുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ദൃശ്യം 3മായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
അടുത്തിടെ തന്റെ പക്കൽ ദൃശ്യം 3യുടെ ക്ലൈമാക്സുണ്ടെന്ന് ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യം3യും ഉണ്ടാകുമെന്ന ചർച്ച സമൂഹമാദ്ധ്യമങ്ങളിൽ ഒരിക്കൽ കൂടി സജീവമായത്. ദൃശ്യം 3യുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും വ്യക്തമാക്കിയിരുന്നു.
അതേസമയം മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുമായി ആരാധകരും ആവേശത്തിലാണ്. ദൃശ്യം 3 ന്റെ പ്രഖ്യാപനമല്ലേയെന്ന് ചോദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
Comments