തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ വിവാദത്തിന് പിന്നാലെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് സമീപന രേഖയിലെ ചോദ്യത്തിൽ മാറ്റം വരുത്തി സർക്കാർ. ക്ലാസ്സുകളിൽ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യം തിരുത്തി. ഇരിപ്പടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂൾ അന്തരീക്ഷം എന്ന വാക്ക് ഉൾപ്പെടുത്തി. ലിംഗസമത്വത്തലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ട് മാറ്റി. പകരം ‘ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്.
കുട്ടികളെ ലിംഗ വ്യത്യാസമില്ലാതെ ഒരുമിച്ചിരുത്തണമെന്ന നിർദേശത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. മുസ്ലീം ലീഗ്, കോൺഗ്രസ് നേതാക്കളുൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്ത്.
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമൂഹ ചർച്ചക്ക് നൽകാൻ എസ്.സി.ആർ.ടി ആണ് കരട് സമീപന രേഖ പുറത്തിറക്കിയത്. ഇതിലാണ് ക്ലാസ്സുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കേണ്ടതിനെ കുറിച്ചുള്ള ചോദ്യം ഉണ്ടായിരുന്നത്. ഇപ്പോൾ ഇരിപ്പിടം എന്ന വാക്ക് തിരുത്തി അന്തരീക്ഷം എന്നാണ് തിരുത്തിയിരിക്കുന്നത്.















