അന്യഗ്രഹജീവികളെ കുറിച്ചുള്ള മനുഷ്യന്റെ സ്വപ്‌നങ്ങളും ചിന്തകളും കോർത്തിണക്കി പ്രേക്ഷകരെ വിസ്മയത്തിന്റെ ലോകത്തെത്തിച്ച സിനിമയാണ് അവതാർ. ജയിംസ് കാമറൂണിന്റെ നീലമനുഷ്യരുടെ കഥ ഒരു ദശാബ്ദം കഴിയുമ്പോഴും ലോകസിനിമകളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ട്.
2006 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. പിന്നീട് വന്ന തലമുറ അവതാർ കാണുമ്പോഴെല്ലാം തിയേറ്റർ അനുഭവം മിസായതിന്റെ വിഷമം പങ്കുവെച്ചിരുന്നു. ലോകമെമ്പാടമുള്ള സിനിമാപ്രേമികൾക്ക് ആവേശം പകരുന്ന ഒരു വാർത്ത പുറത്തുവിട്ടിരിക്കുകയാണിപ്പോൾ ജെയിംസ് കാമറൂൺ. ചിത്രത്തിന്റെ റീ റിലീസിനെക്കുറിച്ചുള്ളതാണ് അത്.
ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരമാണ് വരാൻ പോകുന്നത്. 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റർ ചെയ്ത പതിപ്പാണ് ലോകമെമ്പാടും തിയറ്ററുകളിൽ എത്തുക. സെപ്തംബർ 23 ആണ് റിലീസ് തീയതി. അവതാറിന്റെ സീക്വൽ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ഈ ഫ്രാഞ്ചൈസിയുടെ സവിശേഷ ലോകം പ്രേക്ഷകർക്ക് ഒരിക്കൽക്കൂടി പരിചയപ്പെടുത്തുകയാണ് റീ റിലീസിലൂടെ ഉദ്ദേശിക്കുന്നത്.
നാല് തുടർ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. രണ്ടാം ഭാഗമായ അവതാർ ദ് വേ ഓഫ് വാട്ടറിന്റെ റിലീസ് തീയതി ഡിസംബർ 16 ആണ്. അവതാർ 3 ന്റെ ചിത്രീകരണവും ഇതിനകം പൂർത്തിയായിട്ടുണ്ട്. 2024 ഡിസംബർ 20 ആണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി. ജെയിംസ് കാമറൂണിന്റെ കഥയ്‌ക്ക് അദ്ദേഹത്തിനൊപ്പം ജോഷ് ഫ്രൈഡ്മാനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വന്തം നിർമ്മാണ കമ്പനിയായ ലൈറ്റ്‌സ്റ്റോം എൻറർടെയ്ൻമെൻറിന്റെ ബാനറിൽ ജെയിംസ് കാമറൂണും ഒപ്പം ടി എസ് ജി എൻറർടെയ്ൻമെൻറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 20 ത്ത് സെഞ്ചുറി സ്റ്റുഡിയോസ് ആണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിന് എത്തിക്കുന്നത്.
അവതാർ റീ റിലീസ് വീണ്ടും ബോക്‌സ് ഓഫീസിൽ നേട്ടമുണ്ടാക്കുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. 2021 മാർച്ചിൽ ചൈനയിൽ ചിത്രം റീ റിലീസ് ചെയ്തിരുന്നു. അവഞ്ചേഴ്‌സ് എൻഡ് ഗെയിമിനെ പിന്നിലാക്കി വീണ്ടും എക്കാലത്തെയും ആഗോള ബോക്‌സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ഈ ചൈനീസ് റീ റിലീസ് അവതാറിനെ സഹായിച്ചിരുന്നു.















