ന്യൂഡൽഹി: കോൺഗ്രസ് അംഗത്വം രാജി വെച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് സൂചന. രാജി വെക്കാനുള്ള തീരുമാനം നിർഭാഗ്യകരമെന്ന് കോൺഗ്രസ് പ്രതികരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ പുറത്ത് വരുന്നത്. ഗുലാം നബിയ്ക്ക് പിന്നാലെ രാജി വെക്കുന്ന മുതിർന്ന നേതാക്കളും പുതിയ പാർട്ടിയിലുണ്ടാകുമെന്നാണ് വിവരങ്ങൾ.
അഞ്ച് പേജുള്ള രാജി കത്ത് സോണിയാ ഗാന്ധിയ്ക്ക് നൽകിയാണ് ഗുലാം നബി ആസാദ് എന്ന കോൺഗ്രസിലെ വൻ മരം പാർട്ടി വിട്ടത്. കത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശനമാണ് അദ്ദേഹം ഉയർത്തിയത്.
തിരിച്ചുവരനാവാത്ത വിധം രാഹുൽ പാർട്ടിയെ തകർത്തു.കഴിഞ്ഞ എട്ട് വർഷമായി നേതൃത്വം ഗൗരവമില്ലാത്ത ഒരു വ്യക്തിയെ പാർട്ടിയുടെ അമരത്ത് നിർത്താൻ ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്.പാർട്ടിയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച എല്ലാ മുതിർന്ന നേതാക്കളെയും രാഹുൽ അപമാനിച്ചു. യുപിഎയെ തകർത്ത റിമോർട്ട് കൺട്രോൾ മോഡൽ കോൺഗ്രസിലും രാഹുൽ പ്രയോഗിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുലിന്റെ എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നുവെന്നും അത് കോൺഗ്രസിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേതൃത്വ തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് അദ്ദേഹം രാജിക്കത്തിൽ കുറ്റപ്പെടുത്തുന്നു.
Comments