തിരുവനന്തപുരം : ആർഎസ്എസുമായുള്ള ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏറെ കാലമായി സംഘടനയുമായി അടുത്ത ബന്ധമുണ്ട്. വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
1986 മുതൽ ആർഎസ്എസുമായി അടുത്ത ബന്ധമുണ്ട്. വിദ്യാഭ്യാസ രംഗത്തെ സംഘടനയുടെ പ്രവർത്തനങ്ങളെ വളരെ ആരാധിക്കുന്ന ഒരാളാണ് താൻ. പാർശ്വവൽക്കരിക്കപ്പെട്ടയാളുകളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനായി സംഘടന നടത്തുന്ന ഏകൽ വിദ്യാലയ പദ്ധതികൾ അഭിനന്ദനാർഹമാണ്. യുവ തലമുറയ്ക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ പുണ്യമായ ഒരു പ്രവൃത്തിയാണ് ആർഎസ്എസ് ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസുമായുള്ള ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രി കെ ടി ജലീലിന്റെ ”ആസാദ് കശ്മീർ” പരാമർശത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കെ.ടി.ജലീലിന്റെ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകേണ്ട ആവശ്യമില്ല. കശ്മീരിന്റെ ചരിത്രം ജലീലിന് അറിയില്ല. സ്വാതന്ത്ര്യ സമരത്തെപ്പറ്റി പോലും ജലീൽ ബോധവാനല്ല. കണ്ണൂരിൽ അക്രമങ്ങൾ അഴിച്ചു വിടുന്നതുപോലെ അല്ല ജനാധിപത്യരീതിയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത് എന്നും ഗവർണർ കുറ്റപ്പെടുത്തി.
Comments