ദുബായ് : രാജ്യത്തുള്ള പ്രളയബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൈയ്യിൽ കറുത്ത ബാന്റ് ധരിച്ച് ടി20 ഏഷ്യാ കപ്പ് മത്സരത്തിനിറങ്ങാൻ പാകിസ്താൻ. ഇന്ന് വൈകീട്ട് യുഎഇയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ ഇന്ത്യയ്ക്കെതിരെ പോരാടും. പ്രളയത്തിൽ മുങ്ങിക്കിടക്കുന്ന രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള നീക്കമാണിത്.
എസിസി ടി20 ഏഷ്യാ കപ്പിന്റെ ആദ്യ മത്സരത്തിൽ പാകിസ്താൻ ടീം കൈയ്യിൽ കറുത്ത ബാന്റ് ധരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയ്ക്കെതിരെയാണ് ഇന്ന് പാകിസ്താൻ മത്സരിക്കുന്നത്.
കനത്ത മഴയെത്തുടർന്ന് ദിവസങ്ങളായി പാകിസ്താനിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞിട്ടുണ്ട്. ജൂൺ 14 മുതൽ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് കുറഞ്ഞത് 1,033 പേർ രാജ്യത്ത് മരിച്ചു. 1527 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് പാകിസ്താനിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
രാജ്യത്തെ 110 ജില്ലകൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 119 പേർ മരിക്കുകയും 71 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് കണക്കുകൾ പറയുന്നു. റോഡുകളും പാലങ്ങളും കടകളും വീടുകളും തകർന്ന അവസ്ഥയിലാണ്.
Comments