കാലിഫോർണിയ: നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് -1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ നിർത്തിവെച്ചു. റോക്കറ്റിന്റെ നാല് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് വിക്ഷേപണം ഇന്ന് നടക്കില്ല എന്ന് നാസ അറിയിച്ചിരിക്കുന്നത്. വിക്ഷേപണത്തിന് മുമ്പ് ഹൈഡ്രജനും ഓക്‌സിജനും എൻജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാൽ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എൻജിനീയർമാർ കണ്ടെത്തുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി നാസ അറിയിച്ചു.
ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ച അപ്പോളോ ദൗത്യത്തിന്റെ 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് ആർട്ടെമിസ് I ചന്ദ്രനിലേക്ക് വിക്ഷേപിക്കാൻ ഒരുങ്ങുന്നത്. 2024-ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ നാസ ശ്രമം നടത്തുകയാണ്. ഇതിന്റെ മുന്നോടിയായാണ് പരീക്ഷണ ദൗത്യമായി ആർട്ടെമിസ് I വിക്ഷേപിക്കുന്നത്. 42 ദിവസത്തെ യാത്രയിൽ ഓറിയോൺ ചന്ദ്രനെ വലം വെയ്‌ക്കും.
ചെറിയ സാങ്കേതിക പ്രശ്നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്ന് നാസ അധികൃതർ പറഞ്ഞിരുന്നു. ഇന്ന് വിക്ഷേപിക്കാൻ കഴിയാത്തതിനാൽ സെപ്റ്റംബർ രണ്ടിനോ അഞ്ചിനോ വിക്ഷേപണമുണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ഷേപണം കാണാൻ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ ബീച്ചിൽ എത്താനിരിക്കെയാണ് വിക്ഷേപണം മാറ്റിയിരിക്കുന്നത്. വിക്ഷേപണത്തിന്റെ തിയതി പിന്നീട് അറിയിക്കുമെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.
Comments