തിരുവനന്തപുരം; പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ കിടിലം ഫിറോസിന് പരിക്ക്. അപ്പോസ്തലന്മാരുടെ പ്രവർത്തികൾ എന്ന ചിത്രത്തിന്റെ സംഘട്ടനം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു പരിക്കേറ്റത്. തലയ്‌ക്കും കൈയ്‌ക്കും പരിക്കേറ്റ ഫിറോസ് ആശുപത്രിയിൽ ചികിത്സയിലാണ്.
നോബി മാർക്കോസുമായുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ നിർത്തിയിട്ടിരുന്ന വാനിന്റെ ഗ്ലാസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കിടിലം ഫിറോസിന്റെ വലതു കൈയ്‌ക്കാണ് പരിക്കേറ്റത്. ഇതിന് പുറമേ ശരീരത്തിൽ ചില്ലുകൾ കുത്തിക്കയറുകയും ചെയ്തു.
പട്ടം കോസ്‌മോപൊളിറ്റൻ ആശുപത്രിയിലാണ് കിടിലം ഫിറോസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശരീരത്തിൽ തറച്ച ഗ്ലാസുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സിനിമയുടെ അവസാന ഷെഡ്യൂൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. രാഹുൽ കൃഷ്ണയാണ് സിനിമയുടെ സംവിധാനം. ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രമാണ് കിടിലം ഫിറോസിന്റേത്.
Comments