വിഘ്നവിനാശകനായ ഗണപതി ഭഗവാന്റെ ജന്മദിനമായ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. വീട് പുഷ്പങ്ങൾ കൊണ്ട് മനോഹരമായി അലങ്കരിച്ച് ഗണപതി വിഗ്രഹങ്ങളുടെ അടുത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് നടൻ ആശംസ നേർന്നിരിക്കുന്നത്. ചിത്രത്തിൽ അദ്ദേഹത്തിന്റെ കൈകളിൽ ഒരു ചെറിയ ഗണപതി വിഗ്രഹവും കാണാം. മോഹൻലാലിന്റെ പോസ്റ്റിനു താഴെ ആരാധകരും ഭക്തരും ആശംസകൾ നേരുകയാണ്.
ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുർത്ഥിയാണ് വിനായക ചതുർത്ഥി. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദർശിക്കുന്നത് ശുഭകരമല്ല എന്നാണ് വിശ്വാസം. ചതുർത്ഥി കാണുക എന്ന പ്രയോഗം ഈ ഐതീഹ്യത്തിൽ നിന്നും ഉടലെടുത്തതാണ്. ചതുർത്ഥി ദിവസത്തിൽ ആരംഭിച്ച് അനന്ത ചതുർദശി വരെ നീണ്ടു നിൽക്കുന്ന പത്ത് ദിവസത്തെ ആഘോഷമാണ് ഗണേശോത്സവം.
വരസിദ്ധി വിനായക വ്രതം ഗണേശോത്സവത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ ആചരിക്കപ്പെടുന്നു. വിഘ്നങ്ങൾ അകറ്റുന്ന ദേവനായി ആരാധിക്കപ്പെടുന്ന ശിവസുതൻ ഗണപതിയുടെ പ്രധാന വഴിപാടുകളായ മോദകവും ലഡ്ഡുവും ഉണ്ണിയപ്പവും അവലും അടയും ഗണേശോത്സവ ദിവസങ്ങളിൽ ഭക്തർ ധാരാളമായി നേദിക്കുന്നു.
Comments