ചെന്നൈ: തമിഴ്‌നാടിനെ ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെടുത്തണമെന്ന ആവശ്യവുമായി വിടുതലൈ ചിരുത്തൈഗൾ കച്ചി നേതാവ് വാണി അരശ്. വാണി അരശിന്റെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. അരശിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപി നേതാവ് അണ്ണാമലൈ രംഗത്ത് വന്നു. അരശിനെതിരെ പോലീസിൽ പരാതി നൽകിയതായും അണ്ണാമലൈ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി എം കെയുടെ സഖ്യകക്ഷിയാണ് വിസികെ.
വാണി അരശ് വിഘടനവാദ പ്രസ്താവന നടത്തുന്നതിന്റെ വീഡിയോയും അണ്ണാമലൈ പുറത്തു വിട്ടു. ഈ ഓഗസ്റ്റ് 17 മുതൽ അടുത്ത ഓഗസ്റ്റ് 17 വരെ ഒരു വർഷം സമയം നൽകുന്നു. സനാതന ധർമ്മത്തിനെതിരായ മുന്നേറ്റം ഞങ്ങൾ ഗ്രാമങ്ങൾ തോറും വ്യാപിപ്പിക്കും. ഇതിനായി പെരിയാറിൻ്റേയും അംബേദ്കറുടെയും ആശയങ്ങൾ ഉൾക്കൊണ്ട യുവാക്കളുടെ പിന്തുണ ഞങ്ങൾ തേടും. സനാതന ധർമ്മത്തിനെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടമായാലും ഞങ്ങൾ പിന്മാറില്ല. സനാതന ധർമ്മത്തെ പരാജയപ്പെടുത്തി, തമിഴ്‌നാടിനെ ഒരു സവിശേഷ ദേശമാക്കി മാറ്റാൻ ഞങ്ങൾ പരിശ്രമിക്കും. വീഡിയോയിൽ വാണി അരശ് പറയുന്നു.
തമിഴ്‌നാടിന്റെ സമഗ്ര സ്വാതന്ത്ര്യവും ഇന്ത്യൻ യൂണിയനിൽ നിന്നും വേറിട്ട് തമിഴ്‌നാടിന് പ്രത്യേക പദവിയുമാണ് ഞങ്ങളുടെ ആവശ്യം. ഇതാണ് ഞങ്ങളുടെ പ്രതിജ്ഞ. ഇപ്രകാരം പറഞ്ഞു കൊണ്ടാണ് വീഡിയോയിൽ വാണി അരശ് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
വാണി അരശിന്റെ ആവശ്യങ്ങൾക്കെതിരെ ശക്തമായ പ്രതികരണമാണ് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയത്. ഡി എം കെ ഭരണത്തിൻകീഴിൽ തമിഴ്‌നാട് അപകടകരമായ രാഷ്‌ട്രീയ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് വിഘടനവാദ ശക്തികൾ കരുത്താർജ്ജിക്കുന്നു. ഇതിന്റെ ദീർഘകാല ദുരന്തം മനസ്സിലാക്കാതെ സർക്കാർ ഇവയെ താലോലിക്കുകയാണ്. ഭരണകക്ഷിയിലെ പ്രധാന പാർട്ടിയായ ഡി എം കെയുടെ ജനപ്രതിനിധികൾ പോലും പരസ്യമായി വിഘടനവാദ പ്രസ്താവനകൾ നടത്തുകയാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ രാഷ്‌ട്രമനസ്സാക്ഷി ഉണരണമെന്നും അണ്ണാമലൈ ആഹ്വാനം ചെയ്തു.
എന്നാൽ അണ്ണാമലൈ തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണ് എന്നാണ് വാണി അരശ് പറയുന്നത്. തനിക്കെതിരെയല്ല, മറിച്ച് രാമരാജ്യം വരണമെന്ന് പറയുന്ന തമിഴ്‌നാട് ഗവർണർക്കെതിരെയാണ് കേസ് എടുക്കേണ്ടത് എന്ന് വിസികെ നേതാവ് പറഞ്ഞു. ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ നേരത്തെ അറിയപ്പെട്ടിരുന്ന സംഘടനയുടെ പുതിയ രൂപമാണ് വിടുതലൈ ചിരുത്തൈഗൾ കച്ചി (വിസികെ).
Comments