ചെന്നൈ: തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗ രാജനുമായുള്ള ട്വിറ്റർ വാക്പോരിന് ശേഷം ഡി.എം.കെയ്‌ക്കും മന്ത്രിമാർക്കും ശക്തമായ താക്കീത് നൽകി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ത്രിവർണ പതാകയുള്ള കാറിന് നേരെ ചെരിപ്പെറിഞ്ഞ അണ്ണാമലൈ തമിഴ് സമൂഹത്തിന് ശാപമാണെന്ന് ധനമന്ത്രി പളനിവേൽ ത്യാഗ രാജൻ ട്വിറ്ററിൽ കുറിച്ചത് ഏറെ വിവാദമായിരുന്നു. പിന്നാലെ, പൂർവ്വികരുടെ പേര് മാത്രം ഉപയോഗിച്ച് ജീവിക്കുന്ന നിങ്ങൾക്കും നിങ്ങളുടെ കൂട്ടത്തിനും ഒരു കർഷകന്റെ മകനെ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. തന്റെ ചെരിപ്പിന്റെ വില പോലും പളനിവേൽ ത്യാഗ രാജന് നൽകുന്നില്ലെന്നും അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് താഴില്ലെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു.
ട്വിറ്ററിലൂടെ നടന്ന വാക്പോരിനെ സംബന്ധിച്ച് വ്യാഴാഴ്ച മാദ്ധ്യമ പ്രവർത്തകരോട് ബിജെപി അദ്ധ്യക്ഷൻ പ്രതികരിച്ചു. വാക്പ്പോരിനെപ്പറ്റിയുള്ള ചോദ്യത്തിന്, താൻ യേശുക്രിസ്തു അല്ലെന്നും തല്ലിയാൽ തിരിച്ച് അടിക്കുമെന്നുമാണ് അണ്ണാമലൈ ഉത്തരം നൽകിയത്. താനല്ല അത്തരം പരാമർശങ്ങൾ ആദ്യം നടത്തിയത്. ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ അതിനെതിരെ പ്രതികരിക്കും. അടിച്ചാൽ മറ്റേ കവിൾ കാണിച്ചു കൊടുക്കാൻ താൻ യേശുവല്ല. അടിച്ചാൽ തിരിച്ചടിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
തന്റെ കുടുംബം ഫാമിൽ ജോലി ചെയ്യുകയും ആടുകളെ വളർത്തുകയും ചെയ്യുന്ന ഗ്രാമീണരായതിനാൽ തന്നെ ഭീഷണിപ്പെടുത്താമെന്നാണ് ഡിഎംകെ കരുതുന്നത്. അധിക്ഷേപകരമായ ഭാഷയാണ് അവരുടെ ഐടി വിഭാഗം ഉപയോഗിക്കുന്നത്. ഭീഷണിപ്പെടുത്തി രാഷ്‌ട്രീയം കൈയാളുന്ന പഴയ രീതി ഡി.എം.കെ മറന്നേക്കണമെന്നും, നിങ്ങൾ ആക്രമണകാരിയാണെങ്കിൽ ഞാൻ ഇരട്ടി ആക്രമണകാരിയാകും എന്നും അണ്ണാമലൈ തിരിച്ചടിച്ചു. ഡിഎംകെ മാന്യമായ രാഷ്‌ട്രീയത്തിൽ ഏർപ്പെടുകയാണെങ്കിൽ ഇരട്ടി ബഹുമാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments