കൊച്ചി : നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾക്ക് വൻ തിരിച്ചടി. വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെയ്‌ക്കണമെന്ന ആവശ്യവും നിരാകരിച്ചു. വിചാരണ കോടതി നടപടിക്കെതിരെ ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ മാസം 16 ന് പ്രതികൾ വിചാരണ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കേസിൽ സാങ്കേതിക വാദങ്ങൾ ഉന്നയിക്കരുത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതോടെ പ്രതികൾ കോടതിയിൽ നേരിട്ട് എത്തേണ്ടിവരും. മന്ത്രി വി. ശിവൻകുട്ടി, എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ. എന്നിവർ അടക്കമുള്ള ആറുപേരാണ് കേസിലെ പ്രതികൾ.
നിരവധി തവണ കുറ്റപത്രംവായിച്ചു കേൾക്കാൻ പ്രതികളോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ഉന്നയിച്ച് ഇവർ ഹാജരായില്ല. ഈ സാഹചര്യത്തിൽ പ്രതികൾക്ക് കോടതി അവസാനമായി താക്കീത് നൽകുകയുമുണ്ടായി. ഇതിനെതിരെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തെ സർക്കാരും പ്രതികളും സുപ്രീം കോടതിയിൽ പോയിരുന്നു. എന്നാൽ കേസിൽ വിചാരണ നേരിടണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.















