ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ്-ഇന്‍-കമാന്‍ഡിനെ ലഹരി പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കി. സുരക്ഷാ മാനദണ്ഡങ്ങള്‍, ആരോഗ്യയോഗ്യത, റെഗുലേറ്ററി വ്യവസ്ഥകള്‍ എന്നിവയിലെ ലംഘനങ്ങളോട് ‘സീറോ ടോളറന്‍സ്’ നയമാണ് പിന്തുടരുന്നതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
ഓഗസ്റ്റ് നാലിന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിനിടെ 300 അടി ഉയരം പെട്ടെന്ന് കുറഞ്ഞിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് പൈലറ്റിനെതിരായ നടപടി.
വിമാനാപകട അന്വേഷണ ബ്യൂറോ (AAIB) പുറത്തുവിട്ട ഇടക്കാല സുരക്ഷാ നിര്‍ദേശത്തിലാണ് പൈലറ്റിന്റെ പരിശോധനാഫലം സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. പൈലറ്റ്-ഇന്‍-കമാന്‍ഡിന്റെ സ്ഥിരീകരണ പരിശോധനയില്‍ സൈക്കോആക്ടീവ് വസ്തുവിന്റെ ഉപയോഗം സ്ഥിരീകരിച്ചതായി എഎഐബി അറിയിച്ചു.
സംഭവം ഗൗരവമായി കാണുന്നതായും ഇത്തരം വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഉചിതമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും എഎഐബി ശുപാര്‍ശ ചെയ്തു. എയര്‍ ഇന്ത്യയുടെ AI 2379 വിമാനമാണ് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയത്. എയര്‍ബസ് A320-251N വിമാനത്തില്‍ രണ്ട് പൈലറ്റുമാരും ആറ് കാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 145 പേരാണ് ഉണ്ടായിരുന്നത്.
വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയതിന് ശേഷം 24 പേര്‍ക്ക് വൈദ്യസഹായം ലഭിച്ചു. ഇവരില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.















