കൊല്ലം: പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതോടെ മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷനിലാണ് സംഭവം. എഴുകോൺ സ്വദേശി വൈജേഷാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയത്.
വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികൾ മുറിച്ചുകടത്തിയെന്ന പരാതിയിലാണ് വൈജേഷിനെ കസ്റ്റഡിയിലെടുത്തത്. കൺട്രോൾ റൂമിലെ പോലീസുകാരാണ് ഇയാളെ കുണ്ടറ സ്റ്റേഷനിൽ എത്തിച്ച് കൈമാറിയത്.
സ്റ്റേഷനിലെ തിരക്ക് കാരണം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ലോക്കപ്പ് പൂട്ടാതെ പോകുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് വൈജേഷ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
സംഭവത്തിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായതായി ശാസ്താംകോട്ട ഡിവൈഎസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
റൂറൽ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വൈജേഷിനായി അന്വേഷണം തുടരുകയാണ്.















