മുംബൈ: ഏറെ പ്രതീക്ഷകളോടെ തിയേറ്ററിലെത്തിയ ആമിർ ഖാൻ ചിത്രമാണ് ലാൽ സിംഗ് ഛദ്ദ. എന്നാൽ ആദ്യ ദിവസം തന്നെ പരാജയത്തിലേക്ക് കൂപ്പുകുത്തിയ ചിത്രം വരുത്തിവെച്ചത് കോടികളുടെ നഷ്ടമാണ്.
ചിത്രത്തിന്റെ നിർമ്മാതാക്കളായ വയാകോം 18 സ്റ്റുഡിയോസിന്റെ നഷ്ടം കുറയ്ക്കാനായി നടൻ പ്രതിഫലം വേണ്ടെന്ന് വെച്ചതായാണ് റിപ്പോർട്ടുകൾ. ആമീർ ഖാൻ പ്രതിഫലം ഈടാക്കിയാൽ വയാകോം സ്റ്റുഡിയോസിന് 100 കോടിയോളം രൂപ നഷ്ടം സംഭവിക്കുന്നതിലാണ് ഈ തീരുമാനം.
അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽ സിംഗ് ഛദ്ദ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ്.180 കോടിയോളം മുടക്കു മുതലിൽ ഒരുക്കിയ ചിത്രത്തിന് ഇതുവരെ ലോകവ്യാപകമായി 127 കോടി മാത്രമേ കളക്ഷൻ ലഭിച്ചിട്ടുള്ളൂ. യു.എസ്- വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഫോറസ്റ്റ് ഗംപ് ഇന്ത്യൻ സാഹചര്യത്തിലേക്ക് മാറ്റി എഴുതപ്പെട്ടപ്പോൾ ഒരുപാട് പോരായ്മകൾ ഉണ്ടായതായി വിമർശനം ഉയർന്നിരുന്നു.















