ചെന്നൈ: വിവാഹത്തിന് വിവാഹം നടന്ന് മണിക്കൂറുകൾക്കകം വേർപിരിഞ്ഞ് നവദമ്പതികൾ. പൂളുവപ്പട്ടി സ്വദേശിയായ 32കാരനും 25 കാരിയുമാണ് വിവാഹവേദിയിൽ തന്നെ വേർപിരിഞ്ഞത്. വരന്റെ കാലിലെ മുറിവിനെക്കുറിച്ച് നേരത്തെ അറിയിക്കാതിരുന്നതാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസം പൂളുവപ്പട്ടി ക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ക്ഷേത്രത്തിൽ താലികെട്ടിയ ശേഷം മണ്ഡപത്തിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വർഷങ്ങൾക്ക് മുൻപ് അപകടത്തിൽ വരന്റെ കാലിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇതിന്റെ പാടുകൾ കണ്ടതോടെ യുവതി രോഷാകുലയാകുകയായിരുന്നു.
കാലിൽ മുറിവുള്ള കാര്യം നേരത്തെ എന്ത് കൊണ്ട് പറഞ്ഞില്ലെന്നായിരുന്നു യുവതിയുടെ ചോദ്യം. സംഭവം മറച്ചുവെച്ച യുവാവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നും യുവതി പറഞ്ഞിരുന്നു. നടന്നകാര്യം യുവാവ് വിശദീകരിച്ചെങ്കിലും ബന്ധത്തിൽ നിന്നും പിന്മാറുമെന്ന ഉറച്ച നിലപാടിൽ ആയിരുന്നു വധു.
ഇതേ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ വാഗ്വാദം ഉണ്ടായി. പോലീസ് എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വേർപിരിയുകയാണെന്ന് ഇരു കൂട്ടരും പോലീസിന് ഒപ്പിട്ട് നൽകുകയായിരുന്നു.
Comments