ന്യൂഡൽഹി: പറന്നുയർന്ന ഉടനെ വിമാനം താഴെ ഇറക്കി.ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. വിമാനം 45 മിനിറ്റോളം വൈകിയതായും യാത്രക്കാർ പറഞ്ഞു.
വിമാനത്തിന്റെ എഞ്ചിനിലുണ്ടായ തകരാറാണ് വിമാനം വൈകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. 2.40-ന് ഡൽഹിയിൽ പുറപ്പെടേണ്ടിയിരുന്ന വിമാനം 45 മിനിറ്റ് വൈകിയാണ് യാത്ര തുടർന്നത്.വിമാനം സുരക്ഷിതമായാണ് ഇറക്കിയതെന്നും ഗ്രൗണ്ട് പരിശോധനയിൽ മറ്റു തകരാറുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡിജിസിഎ വിദഗ്ധർ സൂചിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിജിസിഎ അറിയിച്ചു. സംഭവത്തിൽ വിസ്താര പ്രതികരിച്ചിട്ടില്ല.
ഡൽഹി വിമാനത്താവളത്തിൽ അടിയന്തിരമായി വിമാനങ്ങൾ ഇറക്കുന്നത് വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ഡൽഹി- ഉദയ്പൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇൻഡിഗോ വിമാനം അടുത്തിടെയാണ് ഡൽഹിയിൽ എഞ്ചിൻ പ്രകമ്പനത്തെ തുടർന്ന് അടിയന്തിരമായി ഇറക്കിയത്. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ഓട്ടോ പൈലറ്റ് സംവിധാനത്തിലെ തകരാറിനെ തുടർന്ന് അടിയന്തിരമായി ഇറക്കിയതിന് പിന്നാലെയായിരുന്നു ഇൻഡിഗോ വിമാനവും സാങ്കേതിക തകരാർ മൂലം ഇറക്കേണ്ടി വന്നത്.
Comments