ന്യൂയോർക്ക്: യുഎസ് ഓപ്പണിലെ വനിതാ കിരീടത്തിനായുള്ള പോരാട്ടത്തിന് ഇഗ സ്വിയാ തീകും ഓൺസ് ജെബ്യൂറും ഇറങ്ങുന്നു. ഇന്ത്യൻ സമയം നാളെ പുലർച്ചെയാണ് മത്സരം നടക്കുന്നത്. ഈ സീസണിൽ രണ്ട് പ്രധാന ഫൈനലുകളിൽ മത്സരിച്ച താരങ്ങളാണ് ഇരുവരും.
പോളണ്ടിന്റെ ഇഗ സ്വിയാതിക് ഇത്തവണ യുഎസ് ഓപ്പൺ സ്വന്തമാക്കിയാൽ ആറു വർഷത്തിന് ശേഷം ഒരു സീസണിൽ രണ്ട് ഗ്രാന്റ്്സ്ലാം നേടുന്ന പോളിഷ് താരമായി മാറും. ജൂണിൽ ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവാണ് ഇഗ. ഇത്തവണ ആര്യാന സബലങ്കയെ 3-6, 6-1,6-4നാണ് ഇഗ സെമിയിൽ തോൽപ്പിച്ചത്.
രണ്ടാമത്തെ എതിരാളിയായ ടുണീഷ്യയുടെ ഓൺസ് ജെബ്യൂറിനും പ്രത്യേകതയേറെ. രണ്ടു ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ വനിതാ താരമെന്ന നേട്ടമാണ് ഓൺസ് സ്വന്തമാക്കിയത്. ഇത്തവണ വിംബിൾഡണിലും ഓൺസ് ഫൈനലിലെത്തിയിരുന്നു. യുഎസ് ഓപ്പൺ സ്വന്തമായാൽ ആഫ്രിക്കൻ മണ്ണിന് സ്വപ്ന തുല്യമായ ചരിത്ര നേട്ടമാകും. സെമി ഫൈനലിൽ കരോലീൻ ഗ്രാഷ്യയെ 6-1, 6-3ന് തകർത്താണ് ഓൺസ് ഫൈനലിലേയ്ക്ക് കുതിച്ചത്.
Comments