തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് സിപിഐയുടെ പിന്തുണതേടി ലത്തീൻ അതിരൂപത. മത്സ്യ തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സമരസമിതി പറയുന്നു. ഇത് സംബന്ധിച്ച് തങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടാണ് ലത്തീൻ അതിരൂപതയും സമരസമിതിയും കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കാനം രാജേന്ദ്രൻ ഉറപ്പ് നൽകിയെന്ന് സമരസമിതി കൺവീനർ മോൺസിഞ്ഞോർ യൂജിൻ പെരേര പറഞ്ഞു.
അതേസമയം, വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പല തവണ തള്ളി പറഞ്ഞിരുന്നു. പദ്ധതി വൻ ചതിയാണെന്ന് ആയിരുന്നു ചിലരുടെ പ്രചാരണം. ചതി ശീലമുള്ളവർക്കേ അത് സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി നിർത്തിവെക്കില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു. എല്ലാ പഠനവും പൂർത്തിയാക്കിയാണ് കരാറിൽ ഏർപ്പെട്ടത്. വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെയുള്ള സമരത്തിന്റെ പേരിൽ ചിലർ മനഃപൂർവ്വം സംഘർഷമുണ്ടാകാൻ ശ്രമിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ ജനങ്ങൾക്കിടയിൽ നിന്നും ആരോപണം ഉയരുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ അണിനിരത്തി നടത്തുന്ന പ്രക്ഷോഭത്തിന് വിദേശ ധനസഹായം ലഭിക്കുന്നുതായാണ് ആരോപണം. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തിയേകുന്ന ഇത്തരം വൻകിട പദ്ധതികൾ തടയുന്നത് കൃത്യമായ അജൻഡയുടെ ഭാഗമാണന്നും പറയപ്പെടുന്നു.
Comments