തിരുവനന്തപുരം: കൂടുതൽ വിദേശ മാതൃകകൾ കണ്ടുപഠിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്. മുഖ്യമന്ത്രിയ്‌ക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരാണ് യൂറോപ്പ് സന്ദർശിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനായി ഫിൻലൻഡ് ക്ഷണിച്ചതിനെ തുടർന്നാണ് യാത്രയെന്നാണ് വിശദീകരണം.
ഫിൻലൻഡ്, നോർവ്വേ, ലണ്ടൻ എന്നിവിടങ്ങളിലാകും മന്ത്രി സംഘം സന്ദർശനം നടത്തുക. ഒക്ടോബർ ആദ്യ വാരം ആരംഭിക്കുന്ന യാത്ര രണ്ട് ആഴ്ച നീളും. ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രി സംഘത്തെ അനുഗമിക്കും. മൂന്ന് ദിവസത്തിനുള്ളിൽ യാത്രയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് വിവരം.
വിദ്യാഭ്യാസ മേഖലയിൽ രാജ്യങ്ങൾ സ്വീകരിച്ച മാതൃകകൾ പഠിക്കുന്നതിനും, അത് കേരളത്തിൽ എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനാണ് പ്രധാനമായും രാജ്യങ്ങൾ സന്ദർശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിദ്യാഭ്യാസ രംഗത്ത് സയൻസ് കണക്ക് എന്നിവ പഠിപ്പിക്കാൻ ഫിൻലൻഡും, നോർവ്വേയും സ്‌കാൻഡിനേവിയൻ മോഡൽ അവലംബിച്ചിരുന്നു. ഇതിന് അമേരിക്കയുടേത് ഉൾപ്പെടെ വലിയ പ്രശംസയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മേഖലയിൽ ഈ മാതൃക നടപ്പാക്കാൻ കേരളം ആലോചിക്കുന്നത്.
ഫിൻലൻഡിലെ നോക്കിയ ഫാക്ടറിയും മന്ത്രി സംഘം സന്ദർശിക്കും. നേരത്തെ ഫിൻലൻഡിൽ നിന്നുള്ള സംഘം കേരളം സന്ദർശിച്ചിരുന്നു.
Comments