ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ നിത്യാരാധനയ്‌ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കുമെന്ന വാരാണസി കോടതി ഉത്തരവിന് പിന്നാലെ ശിവഭഗവാന് പൂജ ചെയ്ത് മുസ്ലീം സ്ത്രീകൾ. മുസ്ലീം മഹിളാ ഫൗണ്ടേഷൻ അദ്ധ്യക്ഷ നസീൻ അൻസാരിയുടെ നേതൃത്വത്തിലാണ് മുസ്ലീം സ്ത്രീകൾ ശിവ ലിംഗത്തിൽ പൂജ നടത്തുകയും പ്രസാദ വിതരണം നടത്തുകയും ചെയ്തത്. ജ്ഞാൻവാപി കേസിൽ എന്നും ഹിന്ദുക്കൾക്കൊപ്പമാണ് നിലകൊള്ളുകയെന്ന് സ്ത്രീകൾ പറഞ്ഞു.
ഇന്നലെ വൈകീട്ടോടെയായിരുന്നു മുസ്ലീം സ്ത്രീകൾ പൂജ നടത്തിയത്. ഓം നമശ്ശിവായ മന്ത്രം ചൊല്ലി ശിവലിംഗത്തിൽ ആരതിപൂജയുൾപ്പെടെ ഇവർ നടത്തി. ഇവർക്കൊപ്പം പൂജയിലും പ്രസാദ വിതരണത്തിലും ഹിന്ദു സ്ത്രീകളും പങ്കെടുത്തു.
കാശി വിശ്വനാഥ ക്ഷേത്രത്തെ ഔറംഗസേബിന്റെ കളങ്കത്തിൽ നിന്നും പൂർണമായും മോചിപ്പിക്കണമെന്ന് നസീൻ അൻസാരി പറഞ്ഞു. അർഹർക്ക് അവകാശങ്ങൾ വിട്ടു നൽകണമെന്ന് മുസ്ലീങ്ങളോട് അഭ്യർത്ഥിക്കുകയാണ്. തങ്ങളുടെ പൂർവ്വികർ ഹിന്ദുക്കളാണ്. ആ സമയങ്ങളിൽ ആദി വിശ്വേശ്വരനെ പൂജ ചെയ്തിരുന്നു. ആദി വിശ്വേശ്വരന് മേൽ കടന്നു കയറാൻ ഔറംഗസേബിന് എങ്ങനെ കഴിയും. ജ്ഞാൻവാപി മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം പൊളിച്ചാണ് എന്നതിന് ആയിരം തെളിവുകൾ ഉണ്ട്. തങ്ങൾ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും നസീൻ അൻസാരി കൂട്ടിച്ചേർത്തു.
Comments