മലപ്പുറം : വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ. കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്നാണ് ജില്ലയിൽ പ്രവേശിച്ചത്. വിവിധ കേസുകളിൽ പ്രതിയായ തിരൂർ തൃപ്രങ്ങോട് സ്വദേശി ആലുക്കൽ വീട്ടിൽ സാബിനൂൽ (38) ആണ് അറസ്റ്റിലായത്.
ഇയാൾ പ്രവേശന വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് ഇൻസ്‌പെക്ടർ ജിജോയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജിഷിൽ, സിപിഒ ഉണ്ണിക്കുട്ടൻ, സിപിഒ ധനീഷ്, തിരൂർ ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ )പ്രകാരം സാബിനൂലിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്.
Comments