ഹരിപ്പാട്: തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി മടങ്ങിയ യുവാവിനെ ഗുണ്ടാസംഘം തടഞ്ഞുനിർത്തി മർദ്ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തതായി പരാതി. സംഘം പണം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് പറഞ്ഞതോടെ ബീഫ് ഫ്രൈ തട്ടിയെടുക്കുകയായിരുന്നു.
കാർത്തികപ്പള്ളി പുതുക്കണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണു (26)നാണ് മർദ്ദനമേറ്റത്. ഇയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതി നൽകി. കേസായെന്ന് അറിഞ്ഞതോടെ ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയതായും പോലീസ് പറഞ്ഞു.
നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയിൽ മറുതാമുക്കിന് സമീപമുളള തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ മടങ്ങവേയാണ് വിഷ്ണുവിന് നേരെ അക്രമം ഉണ്ടായത്. പണമില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കുകയായിരുന്നു.
ബീഫ് തട്ടിയെടുത്ത ശേഷം കാറിൽ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചതോടെ വിഷ്ണു എതിർത്തു. ഇതോടെയാണ് മർദ്ദിച്ചത്. കുളിര് വിഷ്ണു എന്ന് വിളിക്കുന്ന കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു, പിലാപ്പുഴ വലിയതെക്കതിൽ ആദർശ് എന്നിവരാണ് പ്രതികൾ.
അടുത്തിടെ കൊല്ലത്ത് ലെയ്സ് വാങ്ങി പോയ യുവാവിനെ മർദ്ദിച്ച് ലെയ്സ് തട്ടിയെടുക്കാൻ ശ്രമിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിപ്പാട് നിന്നും സമാനമായ സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് ശേഷം ഹരിപ്പാട് കല്യാണസദ്യയിൽ ഒരു പപ്പടം കൂടി ചോദിച്ചതിന് തല്ലുണ്ടായതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Comments