ന്യൂഡൽഹി: ഹിന്ദുക്കൾ ലോകത്തെവിടെയെല്ലാം ഉണ്ടോ അവരുടെ തറവാടാണ് ഇന്ത്യയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസ്സ് രാജ്യത്തെ രണ്ടായി വിഭജിച്ച് ഹിന്ദുക്കളെ കൊലയ്ക്കു കൊടുക്കുകയായിരുന്നു. റിപ്പബ്ലിക് ടി വി സംഘടിപ്പിക്കുന്ന ഭാരത് ഉച്ചകോടിയുടെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ൽ പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചപ്പോൾ കോൺഗ്രസ്സ് ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ വലിയ കോലാഹലങ്ങളാണ് രാജ്യത്ത് ചെയ്തുകൂട്ടിയത്. മുസ്ലിം വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ അക്രമ സംഭവങ്ങൾ വളരെ വലുതായിരുന്നു. കോൺഗ്രസ്സ് എല്ലാ കാലത്തും ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കുന്ന നിലപാടാണ് കോൺഗ്രസ്സ് ഉൾപ്പെടുന്ന പാർട്ടികൾ എടുക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോകത്തെവിടെ ഉള്ള ഹിന്ദുക്കൾക്കും ആശ്രയകേന്ദ്രമാണ് ഇന്ത്യ. എന്ത് സംഭവിച്ചാലും താങ്ങും തണലുമായി അവർക്ക് ഇന്ത്യ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഓരോ ഹിന്ദുവിനെയും മുന്നോട്ട് നയിക്കുന്നത്. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമുൾപ്പെടെ നിരവധി ഹിന്ദുക്കൾ മത ഭീകരരുടെ കത്തിക്ക് ഇരയായിട്ടുണ്ട്. നിസ്സഹായ അവസ്ഥയിൽ എത്രയോ പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപെട്ടിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് തന്നെ അശരണരായ ഹിന്ദുക്കൾക്കും മറ്റ് ന്യുനപക്ഷങ്ങൾക്കും വേണ്ടിയാണ്. അവർ അനുഭവിക്കുന്ന ക്രൂരതയിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം ഇത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments