ഉത്തർപ്രദേശ്: ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റവാളികൾ അക്രമങ്ങൾ നടത്താൻ മടിക്കുകയാണെന്നും സർക്കാറിന്റെ പ്രവർത്തനങ്ങൾമൂലം ഗുണ്ടകൾക്ക് സംസ്ഥാനം വിട്ടു പോകേണ്ട ഗതിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പോലീസ് മോഡണൈസേഷൻ സ്കീമിന്റെ ഭാഗമായി 56 ജില്ലകളിലേക്ക് നൽകുന്ന ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വാനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളും, അക്രമവും പിടിച്ചു പറിയും കൊലപാതകങ്ങളും നിത്യ സംഭവങ്ങളായിരുന്നു. ചെറിയ കാരണങ്ങൾ കൊണ്ടുപോലും കലാപങ്ങൾ പൊട്ടി പുറപ്പെട്ടിരുന്ന നാട്ടിൽ ഇന്ന് യാതൊന്നും നടക്കുന്നില്ല. അക്രമികളോടും കലാപകാരികളോടും വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മുൻപ് ഭരിച്ചിരുന്നവർ വ്യക്തി താൽപ്പര്യങ്ങൾ നടപ്പിലാക്കാൻ ഗുണ്ടകളെയും, ജയിൽ കുറ്റവാളികളെയും സംരക്ഷിച്ചു നിർത്തുകയും ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ പുതിയ സർക്കാർ വന്നതോടെ അവസ്ഥ മാറുകയും ഗുണ്ടകൾക്ക് നിലനില്പില്ലാത്ത അവസ്ഥയിലാവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളിലേക്ക് നൽകുന്ന വാനുകളിൽ പുതിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുറ്റവാളികളെ കോടതിയിലേക്കും, ജയിലിലേക്കും കൊണ്ടുപോകുമ്പോൾ പോലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ സുരക്ഷ ആവശ്യമാണെന്ന് കണ്ട് ആധുനിക സാങ്കേതിക സജ്ജീകരങ്ങളാണ് വാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കുന്ന പോലീസിന്റെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അക്രമികളെ ഇല്ലാതാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജനങ്ങളുടെ ജീവനും, സ്വത്തിനും സുരക്ഷ നൽകുമെന്നും യോഗി അറിയിച്ചു.
Comments