തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ഗവർണറുടെ നേരേ നടന്ന ആക്രമണത്തിന് കൂട്ട് നിൽക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിന് നേർക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പാലക്കാട് നഗരത്തിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. കണ്ണൂർ സർവ്വകലാശാല നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്ന് വ്യക്തമായിരിക്കുകയാണ്. ഗവർണർക്കെതിരെ പ്രതിഷേധിച്ചവരെ സംരക്ഷിച്ച കെ കെ രാഗേഷ് ഗുരുതര കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
ഗവർണർക്കെതിരെ പ്രതിഷേധിച്ചവരെ സംരക്ഷിച്ച കെ കെ രാഗേഷ് ഗുരുതര കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. പ്രിയാ വർഗീസിന്റെ നിയമനം കെ കെ രാഗേഷിന്റെ പ്രവൃത്തികൾക്കുള്ള പ്രത്യുപകാരമാണ് എന്നത് വ്യക്തമാണ്. ഗവർണർക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായിട്ടും കേസെടുത്തില്ല എന്നത് അത്യന്തം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
അനർഹമായ പല ആനുകൂല്യങ്ങളും മുഖ്യമന്ത്രി ആവശ്യപ്പെട്ടതും നിയമനത്തിൽ സ്വന്തം താൽപ്പര്യത്തിന് വേണ്ടി ഇടപെട്ടതും സത്യപ്രതിജ്ഞാ ലംഘനമാണ്. ആരോപണങ്ങൾക്ക് പിണറായി വിജയൻ മറുപടി പറയണം. ധാർമ്മികതയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
Comments