കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലേക്ക് കടക്കുന്നതിന് മുൻപേ കോൺഗ്രസിന് വൻ തിരിച്ചടി നൽകി പാർട്ടി മണ്ഡലം പ്രസിഡന്റ് രാജിവെച്ച് ബിജെപിയിൽ ചേർന്നു. എറണാകുളം സെൻട്രൽ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ പാറപ്പുറമാണ് ബിജെപിയിൽ ചേർന്നത്.
രാഹുലിനെ സ്വീകരിക്കാൻ ഒരുങ്ങുന്ന എറണാകുളത്തെ കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് രാധാകൃഷ്ണന്റെ മാറ്റം നൽകുന്നത്. കോൺഗ്രസിന്റെ വ്യാപാരി സംഘടനയുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ്. ഇതിന് പുറമേ ഒബിസി കോൺഗ്രസിന്റെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി, ആർ ശങ്കർ ഫൗണ്ടേഷന്റെ എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും രാധാകൃഷ്ണൻ വഹിച്ചിട്ടുണ്ട്.
നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിലുളള വിശ്വാസമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര മോദി സർക്കാരിനെ ബാധിക്കില്ലെന്നാണ് തന്റെ വിശ്വാസം. മറ്റ് രാഷ്‌ട്രീയ പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ നേതൃപാടവവും അഴിമതിയില്ലായ്മയും ബിജെപിക്ക് അഭിമാനകരമാണ്. കേന്ദ്രസർക്കാരിന്റെ അഴിമതി മുക്ത പ്രതിച്ഛായയും തന്നെ ആകർഷിച്ചതായി രാധാകൃഷ്ണൻ പറഞ്ഞു.
കോൺഗ്രസിൽ നിരവധി പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് അവർ യാത്ര തന്നെ നടത്തുന്നത്. രാജ്യത്തിന്റെ മുന്നോട്ടുളള പ്രയാണത്തിൽ ബിജെപിക്കാണ് പ്രസക്തി. മുൻ പഞ്ചാബ് മുഖ്യമന്ത്രി അടക്കം കോൺഗ്രസ് വിട്ട് വരുന്ന സമയമാണ്. അതിന് പിന്നിലുളള കാര്യങ്ങൾ പാർട്ടി ചിന്തിക്കണമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കൊച്ചിയിൽ എത്തിച്ചേരുമ്പോൾ രാഹുൽ ഗാന്ധിക്ക് ബിജെപി നൽകുന്ന പാരിതോഷികമാണ് രാധാകൃഷ്ണൻ പാറപ്പുറത്തിന്റെ മാറ്റമെന്ന് ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ആലപ്പുഴ ജില്ല കടന്ന് ഇന്ന് വൈകിട്ടോടെയാണ് ഭാരത് ജോഡോ യാത്ര കൊച്ചിയിലേക്ക് എത്തുക.
Comments