റാഞ്ചി: മുഖ്യമന്ത്രി ഹേമന്ദ് സോറനും ജെഎംഎം നേതാക്കളും ആരോപണ വിധേയരായ ഝാർഖണ്ഡിലെ 1000 കോടി രൂപയുടെ അനധികൃത ഖനന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കളളപ്പണം വെളിപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ഹേമന്ദ് സോറന്റെ സുഹൃത്ത് പങ്കജ് മിശ്രയുടെ അനുയായി ബച്ചു യാദവ്, പ്രേം പ്രകാശ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 47 ഓളം പരിശോധനകൾ ഇഡി നടത്തിയിരുന്നു. 5.34 കോടി രൂപയും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടുകളിലെ 13.32 കോടി രൂപ മരവിപ്പിക്കുകയും ചെയ്തു.
പങ്കജ് മിശ്രയുടെ 30 കോടിയോളം രൂപ വിലമതിക്കുന്ന കപ്പൽ എംവി ഇൻഫ്രാലിങ്ക് 111, ക്രഷറുകൾ, ട്രക്കുകൾ ഉൾപ്പെടെയുളള ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവ ഇഡി പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ജൂലൈ 19 നാണ് പങ്കജ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് നാലിന് ബെച്ചു യാദവും പിന്നാലെ ഓഗസ്റ്റ് 25 ന് പ്രേം പ്രകാശും അറസ്റ്റിലായി. ഇവരെല്ലാം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഝാർഖണ്ഡിലെ സാഹെബ്ഗഞ്ച് ജില്ലയിലെ ബർഹാർവ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ ചുവടുപിടിച്ചാണ് ഇഡി കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണം ആരംഭിച്ചത്.
രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പങ്കജ് മിശ്ര ഖനന ഇടപാടുകൾ നടത്തിയിരുന്നത്. ഇയാളാണ് ഹേമന്ദ് സോറന്റെ ബിനാമിയായി പ്രവർത്തിച്ചതെന്നാണ് ആരോപണം.















