സമൂഹത്തിലെ എല്ലാ ആളുകളും ഇന്ന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. വളരെ വേഗത്തിൽ ഉപയോഗിക്കാം എന്നത് തന്നെയാണ് വാട്സാപ്പിന് ആളുകൾക്കിടയിൽ ഇത്ര പ്രധാന്യം ലഭിക്കാനുള്ള കാരണം. കൂടാതെ ഉപയോക്താക്കൾക്ക് നിരവധി ഫീച്ചറുകളും ആപ്ലിക്കേഷൻ പ്രധാനം ചെയ്യുന്നു. ഇപ്പോഴിതാ മറ്റൊരു പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്.
ഉപയോക്താക്കൾക്ക് വീഡിയോ , വോയിസ് കോളുകളിൽ പങ്കുചേരുന്നതിന് വേണ്ടി ലിങ്കുകൾ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോൺഫറൻസിംഗ് ആപ്പുകൾ വാഗ്ദാനം ചെയ്യുന്ന ഫീച്ചറിന് സമാനമാണ് ഇത്.
ഒരു ലിങ്കിൽ ടാപ്പ് ചെയ്ത് കോളുകളിൽ ചേരാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് ഇത് . കോൾ ലിങ്കുകൾ എന്ന ഓപ്ഷനിൽ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഓഡിയോ ,വീഡിയോ കോളിനായി ഒരു ലിങ്ക് സൃഷ്ടിക്കാനാകും. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിനൊപ്പമാണ് ഈ സംവിധാനം ലഭ്യമാവുക. ഈ ആഴ്ച മുതൽ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭിച്ച് തുടങ്ങും.
ഉപയോക്താക്കൾക്ക് സ്വയം ലിങ്ക് സൃഷ്ടിക്കാവുന്നതാണ്. അത് മറ്റുള്ളവർക്ക് പങ്കിടാനും സാധിക്കും. വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് ഉള്ളവർക്ക് മാത്രമെ ഈ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളു എന്നും കമ്പനി വ്യക്തമാക്കുന്നു. ഇതിന് പുറമെ 32 പേർക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകളിൽ പങ്കുചേരാൻ അവസരം ഒരുക്കുന്നതിനുള്ള പരീക്ഷണം കമ്പനി നടത്തുകയാണ്. 487.5 ദശലക്ഷം ഉപയോക്താക്കളാണ്
2022 ജൂൺ വരെ വാട്സ്ആപ്പിൽ അംഗങ്ങളായിട്ടുള്ളത്.
Comments